തളരില്ല ഗൾഫ് ടൂറിസം

ജീവന്റെ തുടിപ്പ് നഷ്ടമായ മരുഭൂപ്രദേശങ്ങളിലൂടെ ദിവസങ്ങൾ നീണ്ട സഞ്ചാരം ശരീരത്തിൽ ജലാംശം വറ്റിയുള്ള മരണങ്ങൾക്ക് വഴിതെളിച്ചിരുന്നു. ദിശ മാറി യാത്രചെയ്ത് മരുഭൂക്കടലിന്റെ നടുവിൽ ആയിരങ്ങളാണ് മണ്ണടിഞ്ഞത്. 1950- കളുടെ അവസാനമായിരുന്നു പഴയ സൈനിക വാഹനങ്ങൾ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അവയിലധികവും മണൽക്കൂനകളെ മെതിച്ച് മുന്നേറാൻ കെൽപ്പുള്ള ഫോർവീൽ മോട്ടോർ വാഹനങ്ങളായിരുന്നു. പഴയതെങ്കിലും ഉപയോഗത്തിനുതകുന്നവ.
അവയുടെ കടന്നുവരവ് പതിയെ മരുഭൂമിയിലൂടെയുള്ള യാത്രകളെ, ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയായിരുന്നു. അതുവരെ ഒട്ടകങ്ങളെയും കുതിരകളെയും കഴുതകളെയും ആശ്രയിച്ചിരുന്നവർ മോട്ടോർ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ സ്വായത്തമാക്കി. മെല്ലെ മെല്ലെ മരുഭൂമിയിലൂടെ സഞ്ചരിക്കാൻ അവർ മോട്ടോർ വാഹനങ്ങളെ മെരുക്കിയെടുത്തു.
പ്രത്യേക റോഡുകളോ, വഴിവിളക്കുകളോ, ചൂണ്ടുപലകകളോ ഇല്ലാത്ത അവിടങ്ങളെല്ലാം അവർക്ക് വാഹനമോടിക്കാനുള്ള ഇടങ്ങളായി. കാലം ഒരുപാട് കടന്നുപോയി. ഇന്ന് മരുഭൂമികൾ അവർക്ക് ലോകത്തിന് മുന്നിൽ വലിയ സാധ്യതകൾ തുറന്നിടുന്ന ഫലഭൂയിഷ്ഠമായ ഒരു നാണ്യസമ്പാദന മാർഗമാണ്. പഴയ സൈനിക വാഹനങ്ങൾക്ക് പകരമായി മണൽക്കൂനകൾക്ക് മേലേക്ക് മാത്രമായി രൂപകൽപ്പന ചെയ്ത അതിനൂതന വാഹനങ്ങളും നിരന്നുനിൽക്കുന്നു. കാലാവസ്ഥാ വ്യതിയാനവും സാമൂഹിക സാമ്പത്തിക അസ്ഥിരതകളുമുണ്ടാക്കിയ വെല്ലുവിളികൾക്കുമപ്പുറം കാലത്തിന്റെ നീതിയെന്നോണം ലോകത്തിനെ സ്വീകരിച്ചിരുത്താനുള്ളതെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ഗൾഫ് വിനോദസഞ്ചാര മേഖല...
മരുഭൂമിയിൽ തുടങ്ങി മരുഭൂമിയിൽ അവസാനിക്കുന്നതല്ല ഇന്ന് ഗൾഫ് ടൂറിസം. ഇവിടെയില്ലാത്തതെല്ലാം ശാസ്ത്രീയമായി തന്നെ ഉണ്ടാക്കിയെടുത്തുകൊണ്ടാണ് ഗൾഫ് നാടുകൾ ലോകസന്ദർശകരെ മാടിവിളിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വലിയ പദ്ധതികൾ അതിന് അടിവരയിടുന്നു.
മിഡിലീസ്റ്റിനെ തമ്മിൽ ബന്ധപ്പെടുത്തുന്ന റെയിൽ നെറ്റ്‌വർക്കാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം ഏറ്റവും ആസ്വാദ്യകരമാക്കുന്നതിൽ അവിടുത്തെ റെയിൽ സംവിധാനത്തിനുള്ള പങ്ക് വളരെ വലുതാണ്. രാജ്യങ്ങളിലൂടെയുള്ള ചെലവുകുറഞ്ഞതും അനായാസകരവുമായ സഞ്ചാരം ഉറപ്പുവരുത്തുന്ന സമാന സംവിധാനമാണ് ഗൾഫ് റെയിൽവേ അഥവാ ജി.സി.സി. റെയിൽവേ ഉറപ്പുനൽകുന്നത്.
യു.എ.ഇ. യിൽ ഇത്തിഹാദ് റെയിലുമായി ചേർന്ന് ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള റെയിൽ നെറ്റ്‌വർക്ക് സമീപഭാവിയിൽ തന്നെ ഗൾഫ് വിനോദസഞ്ചാര മേഖലയുടെ തലവര മാറ്റും. ഒപ്പം ജി.സി.സി. ടൂറിസം വിസയും മേഖലയുടെ കുതിപ്പിന് കരുത്തേകും.
90 ദിവസം പ്രാബല്യമുള്ള ഈ വിസക്ക് നിലവിൽ ജി.സി.സി. പൗരന്മാർ മാത്രമാണ് അർഹരെങ്കിലും ഉടൻ തന്നെ എല്ലാ രാജ്യക്കാർക്കും അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. പത്തുവർഷം കൊണ്ട് 12.87 കോടി സന്ദർശകരെയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ജി.സി.സി. വിനോദസഞ്ചാര മേഖലയെ മുഴുവനായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രീകൃത സംവിധാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
കോവിഡിനുശേഷം ഗാസയിലെ യുദ്ധ സാഹചര്യങ്ങളും ചെങ്കടലിലെ കപ്പൽ ആക്രമണങ്ങളും മിഡിലീസ്റ്റ് വിനോദമേഖലക്ക് വലിയ തരത്തിലുള്ള പ്രതിരോധമാണ് സൃഷ്ടിച്ചത്. എന്നാൽ അതിൽ നിന്നെല്ലാം ചുരുങ്ങിയ സമയം കൊണ്ടുതന്നെ പുറത്തുവരാനും ലോകത്തിന് മുന്നിൽ സുരക്ഷിതമായ വിനോദസഞ്ചാര പാതയൊരുക്കാനും ഗൾഫ് രാജ്യങ്ങൾക്ക് സാധിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
2024 ജനുവരി മുതൽ മാർച്ചുവരെ ദുബായിൽ മാത്രം 51.8 ലക്ഷം സന്ദർശകരാണ് വന്നിറങ്ങിയത്. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്. കോവിഡ് മാത്രമാണ് സമീപ വർഷങ്ങളിൽ വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റവുമധികം വെല്ലുവിളികൾ ഉയർത്തിയതെന്ന് മേഖലയിൽ നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ സർക്കാർ സംവിധാനങ്ങൾ, ടൂർ ഓപ്പറേറ്റർമാർ, എയർലൈൻ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ ഒരു പരിധിവരെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിന് സഹായകരമായിട്ടുണ്ട്.
2031- ഓടെ സന്ദർശകരുടെ എണ്ണം പ്രതിവർഷം നാലുകോടിയെന്ന നിലയിലേക്ക് ഉയർത്താനുള്ള പദ്ധതികളാണ് യു.എ.ഇ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ മാത്രം വലിയ തൊഴിൽ സാധ്യതകൾ കൂടിയാണ് ഇത് തുറന്നിടുന്നത്. അബുദാബി, ദുബായ്, ബഹ്‌റൈൻ, ഒമാൻ കപ്പൽ സഞ്ചാര മേഖലകൾ ചേർന്നുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കായുള്ള ഉടമ്പടിയും ഇതിന് ആക്കം കൂട്ടുന്നു. റെയിൽ, കപ്പൽ യാത്രാ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നതോടെ 2030- ൽ സൗദി മാത്രം 15 കോടി സന്ദർശകരെയാണ് ഉന്നം വെക്കുന്നത്.
താരതമ്യേന ചൂട് കൂടുതലുള്ള ഭൂപ്രദേശം എന്ന നിലയിൽനിന്ന്് മിതശീതോഷ്ണ മേഖലയെന്ന നിലയിലേക്കുള്ള ചില ജി.സി.സി. രാജ്യങ്ങളുടെ സ്വാഭാവിക മാറ്റവും വിനോദമേഖല പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. തുടർച്ചയായ മഴ മരുഭൂപ്രദേശങ്ങളെ പച്ചപ്പിലേക്ക് നയിക്കുന്നതും മറ്റുമായ വാർത്തകൾ പാശ്ചാത്യലോകമടക്കം വലിയ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്.
നൂതന സംവിധാനങ്ങളും കാഴ്ചകളും സന്ദർശക ശ്രദ്ധയാകർഷിക്കുമ്പോഴും യു.എ.ഇ അടക്കമുള്ള പല മിഡിലീസ്റ്റ് രാജ്യങ്ങളുടെയും അടിസ്ഥാനപരമായ മുതൽക്കൂട്ട് പൈതൃകവിനോദ മേഖല തന്നെയാണ്.
മറ്റാർക്കും അവകാശപ്പെടാനോ, അനുകരിക്കാനോ സാധിക്കാത്തവണ്ണം അനുപമമായ പൈതൃകത്തെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാണ് ജി.സി.സി വിനോദ മേഖലയുടെ കുതിപ്പ്.
അതുകൊണ്ടുതന്നെ പ്രാദേശികവും കാലാവസ്ഥാപരവുമായ വെല്ലുവിളികൾക്കിടയിലും വലിയ പ്രതീക്ഷയോടെയുള്ള പദ്ധതികളാണ് ഈ രാജ്യങ്ങൾ നടത്തുന്നത്.
Content Highlights: gulf.com column