എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു; നായിക രശ്മികാ മന്ദാന

ചെന്നൈ : പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘എം.എസ്. എ ലെഗസി ഓൺ സ്‌ക്രീൻ’ എന്നാവും സിനിമയുടെ പേര്. ജനപ്രിയ നടി രശ്മികാ മന്ദാനയാണ് സുബ്ബലക്ഷ്മിയുടെ വേഷത്തിൽ അഭിനയിക്കുക. ഗൗതം തിന്നനൂരിയാണ് ഈ പാൻ-ഇന്ത്യൻ ചിത്രത്തിന്റെ സംവിധായകൻ. അനിരുദ്ധ് രവിചന്ദർ സംഗീതം പകരും.

സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് മദ്രാസ് മ്യൂസിക് അക്കാദമിയിൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കമൽഹാസനാണ് ചടങ്ങിലെ മുഖ്യാതിഥി. പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഗീത ആർട്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പുതിയ തലമുറയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായ രശ്മികാ മന്ദാനയ്ക്ക് ഈ വേഷം അഭിനയജീവിതത്തിലെ വഴിത്തിരിവാകും. നായികയായി രശ്മികയെ അന്തിമമാക്കുന്നതിനുമുൻപ് സായ് പല്ലവി, രുക്മിണി വസന്ത് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ടായിരുന്നു.

യുവതലമുറയെ ആവേശം കൊള്ളിക്കുന്ന പാട്ടുകളിലൂടെ ശ്രദ്ധേയനായ അനിരുദ്ധ് രവിചന്ദർ ശുദ്ധമായ ശാസ്ത്രീയസംഗീതം കൈകാര്യം ചെയ്യേണ്ട സിനിമയിൽ കടന്നുവരുന്നത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ‘വെങ്കടേശ സുപ്രഭാത’ത്തിലൂടെ രാജ്യത്തിനു സുപരിചിതയായ എം.എസ്. സുബ്ബലക്ഷ്മി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യ ഭാരതീയ വനിതയാണ്. 1916 സെപ്റ്റംബർ 16-ന് മധുരയിൽ ജനിച്ച സുബ്ബലക്ഷ്മിയെ രാഷ്ട്രം ‘ഭാരതരത്ന’ നൽകി ആദരിച്ചിട്ടുണ്ട്. 2004 ഡിസംബർ 11-ന് ചെന്നൈയിൽ വെച്ചാണ് വിടവാങ്ങിയത്.