വിജയ്‌യുടെ യു.കെ. സന്ദർശനം; 12,300 കോടിയുടെ നിക്ഷേപ കരാർ ഒപ്പുവെച്ചു

ചെന്നൈ : മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ യു.കെ. സന്ദർശനത്തിൽ സംസ്ഥാനത്തേക്കുള്ള 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ ഒരുക്കാനാവുമെന്ന് സർക്കാർ അറിയിച്ചു.
വാഹനഘടകങ്ങൾ നിർമിക്കുന്ന സാംവർധന മദേഴ്‌സൺ ഇന്റർനാഷണൽ ലിമിറ്റഡ് തമിഴ്‌നാട്ടിൽ 11,000 കോടി രൂപ നിക്ഷേപിക്കും. ഡിസൈൻ, എൻജിനിയറിങ്, നിർമാണം, അസംബ്ലിങ്, ലജിസ്റ്റിക്‌സ് തുടങ്ങിയവയിലായി ഏകദേശം 7,000 തൊഴിലവസരങ്ങൾ ഒരുക്കാൻ പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) സ്ഥാപിക്കുന്നതിന് ഏണസ്റ്റ് ആൻഡ് യങ് (ഇ.വൈ) കമ്പനിയുമായി 1000 കോടിയുടെ ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. 2,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. എംബഡഡ് സിസ്റ്റംസ്, ഇലക്‌ട്രിഫിക്കേഷൻ, ഇൻഡസ്ട്രിയൽ ഡിജിറ്റൈസേഷൻ മേഖലയിൽ സ്വീഡിഷ് കമ്പനിയായ സിഗ്മ ടെക്‌നോളജി ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്. ഏകദേശം 600 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും.
ഇലക്‌ട്രിക്കൽ ഉപകരണ നിർമാണ മേഖലയിൽ വിൽസൻ പവർ സൊലൂഷൻ തിരുവള്ളൂരിൽ 300 കോടിയുടെ നിക്ഷേപമിറക്കും. 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് സാധിക്കും. പുതിയ നിക്ഷേപങ്ങൾക്കൊപ്പം സംസ്ഥാനത്തെ നിലവിലുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടെ യു.കെ. സന്ദർശനത്തിലൂടെ സാധിക്കുമെന്നും സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരേ അപകീർത്തി പരാമർശം: പി.കെ. ശേഖർ ബാബുവിനെതിരേ കേസ്
ചെന്നൈ : മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയതിന് മുൻ മന്ത്രിയും ഡി.എം.കെ. നേതാവുമായ പി.കെ. ശേഖർ ബാബുവിനെതിരേ കേസെടുത്തു. നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഡി.എം.കെ.യെയും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. പ്രസിഡന്റുമായ എം.കെ. സ്റ്റാലിെനയും കളിയാക്കി സംസാരിച്ചിരുന്നു. ഇതിനെതിരേ സെപ്റ്റംബർ 12-ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചെന്നൈയിൽ നടന്ന പ്രതിഷേധ യോഗത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേ കടുത്ത രാഷ്ട്രീയ വിമർശനവും അധിക്ഷേപകരമായ പരാമർശങ്ങളുമാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ എം.കെ.സ്റ്റാലിൻ ഉൾെപ്പടെ ഡി.എം.കെ. നേതാക്കൾക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വെറും നാടകീയമായ ‘സിനിമ സ്റ്റൈൽ ഡയലോഗുകൾ’ മാത്രമാണെന്ന് ശേഖർ ബാബു പ്രസംഗിച്ചിരുന്നുവെന്ന് ടി.വി.കെ. പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നിയമസഭയ്ക്കുള്ളിൽ മറുപടി നൽകാൻ ടി.വി.കെ. സർക്കാർ അവസരം നിഷേധിച്ചനെതിരേയും ശേഖർ ബാബു രൂക്ഷമായി വിമർശിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഒരിക്കൽപോലും ജയിൽ വാതിൽ കണ്ടിട്ടില്ലാത്തവർക്ക് മിസ തടവുകാരെക്കുറിച്ചോ, ജയിൽ വാസത്തെക്കുറിച്ചോ സംസാരിക്കാൻ അഹർതയില്ലെന്ന് പരോക്ഷമായി മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ഡി.എം.കെ. പ്രവർത്തകർ ആവശ്യമില്ലാതെ വഴക്കിന് പോകാറില്ലെന്നും വഴക്കിന് വരുന്നവരിൽനിന്ന് ഒളിച്ചോടാറില്ലെന്നും ശേഖർ ബാബു കുറ്റപ്പെടുത്തി.
കരൂർ ദുരിതത്തിൽ 41 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെയും ശേഖർബാബു ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കെതിരേ അപകീർത്തിപരാമർശം നടത്തിയെന്ന് ആരോപിച്ച് ടി.വി.കെ. പ്രവർത്തകർ പരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തത്.
ആറ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡി.എം.കെ. വക്താക്കൾ പറഞ്ഞു.