രണ്ടിടത്തും ജയം; ജൈത്രയാത്ര തുടർന്ന് ടി.വി.കെ.

ചെന്നൈ : പ്രതിപക്ഷത്തിന്റെ വോട്ടുബാങ്കിൽ കൂടുതൽ വിള്ളലുകൾ വീഴ്ത്തിക്കൊണ്ട് തമിഴ്‌നാട്ടിൽ ഭരണകക്ഷി ജൈത്രയാത്ര തുടരുന്നു. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു മണ്ഡലങ്ങളും പിടിച്ചെടുത്തതോടെ നിയമസഭയിലെ അംഗബലം 109-ആയി വർധിപ്പിക്കാൻ ടി.വി.കെ. യ്ക്കു കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നാടകീയ ജയം നേടിയ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ ഹിത പരിശോധനയെന്നു വിശേഷിപ്പിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പിൽ മധുരാന്തകം മണ്ഡലത്തിൽ ടി.വി.കെ. സ്ഥാനാർഥി കെ. മരഗതം കുമാരവേൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായിരുന്ന ധാരാപുരത്ത് പി. സത്യഭാമ 9,471 വോട്ടിനു ജയിച്ചു. അഞ്ചുമാസം മുൻപ് അണ്ണാ ഡി.എം.കെ. ടിക്കറ്റിൽ നിയമസഭയിലെത്തിയ അതേ സ്ഥാനാർഥികളാണ് രണ്ടിടത്തും ടി.വി.കെ. യുടെ ബാനറിൽ വീണ്ടും മത്സരിച്ചു ജയിച്ചത്.

വലിയ വോട്ടു ചോർച്ചയില്ലാതെ ഡി.എം.കെ രണ്ടാമതത്തെിയപ്പോൾ അണ്ണാ ഡി.എം.കെയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മധുരാന്തകത്ത് ടി.വി.കെ. യുടെ മരഗതം കുമാരവേലിന് 74,048 വോട്ട് കിട്ടിയപ്പോൾ ഡി.എം.കെയിലെ ഐ. പരന്തമന് 54,008 വോട്ടും അണ്ണാ ഡി.എം.കെയിലെ എസ്. കനിതാ സമ്പത്തിന് 47,450 വോട്ടും ലഭിച്ചു. സി.പി.എമ്മിലെ പി. സുഗന്ധിക്ക് 1986 വോട്ടാണുള്ളത്.

ധാരാപുരത്ത് ടി.വി.കെയുടെ പി. സത്യഭാമ 66,841 വോട്ടു നേടിയപ്പോൾ ഡി.എം.കെയുടെ എസ്. സുകന്യയ്ക്ക് 57,370 വോട്ടും അണ്ണാ ഡി.എം.കെ.യുടെ കെ. ഭാനുമതിക്ക് 45,280 വോട്ടും കിട്ടി. സി.പി.ഐ.യുടെ പി. ലക്ഷ്മണന് 1157 വോട്ടാണ് കിട്ടിയത്.

ഉപതിരഞ്ഞെടുപ്പുകളിൽ ഭരണപക്ഷം ജയിക്കുന്നതാണ് തമിഴ്‌നാട്ടിലെ പതിവെന്നതുകൊണ്ട് തിരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. ജയിച്ച മധുരാന്തകത്തും ധാരാപുരത്തും പാർട്ടി എം.എൽ.എ. മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. രാഷ്ട്രീയ കൂറുമാറ്റത്തിനെതിരേ ഡി.എം.കെ. യും അണ്ണാ ഡി.എം.കെ.യും നടത്തിയ പ്രചാരണം വോട്ടർമാരിൽ വലിയ ചലനമുണ്ടാക്കിയില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

കോൺഗ്രസ്, വി.സി.കെ, മുസ്‌ലിം ലീഗ്, വി.സി.കെ., എം.ഡി.എം.കെ. എന്നീ കക്ഷികളടങ്ങുന്ന മുന്നണിയായാണ് ഭരണപക്ഷം മത്സരിച്ചത്.

പ്രധാന സഖ്യകക്ഷികളെയെല്ലാം നഷ്ടപ്പെട്ട ഡി.എം.കെ. ഏറക്കുറെ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായിരുന്ന പി.എം.കെ. ഒരു പാർട്ടിക്കും പിന്തുണയില്ലെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അവരുടെ വോട്ട് ടി.വി.കെ.ക്ക്‌ ലഭിച്ചെന്നാണ് കരുതുന്നത്.

സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുപക്ഷം രണ്ടിടത്തും സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും നേട്ടമുണ്ടാക്കാനായില്ല.

സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽക്കൂടി ഉപതിരഞ്ഞെടുപ്പു നടക്കാനുണ്ട്. അഞ്ചിടത്തും ഇതേ വിജയം നേടുമെന്നും അത് തുടർന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുമെന്നുമാണ് ടി.വി.കെ.യുടെ കണക്കുകൂട്ടൽ. തമിഴ്‌നാട്ടിലെ 234 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റു വേണം.