ഉപതിരഞ്ഞെടുപ്പിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

കേസിൽ കുരുങ്ങി അഞ്ചു മണ്ഡലങ്ങൾ

ചെന്നൈ : മുഖ്യമന്ത്രി ജോസഫ് വിജയ് എം.എൽ.എ. സ്ഥാനം രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ തമിഴ്‌നാട്ടിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. പെരുന്തുറൈ, അംബാസമുദ്രം, വിരലിമല, കരൂർ എന്നിവയാണ് മറ്റു നാലു മണ്ഡലങ്ങൾ.

ഏഴു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിടത്ത് മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിെല ഉപതിരഞ്ഞെടുപ്പിന് മാത്രമാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഒക്‌ടോബർ ആറിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. കേസുകൾ കാരണമാണ് അഞ്ചു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരായ മരഗതം കുമാരവേൽ (മധുരാന്തകം), ജയകുമാർ (പെരുന്തുറൈ), സത്യഭാമ (ധാരാപുരം), ഇസക്കി സുബ്ബയ്യ (അംബാസമുദ്രം) മുൻ അണ്ണാ ഡി.എം.കെ മന്ത്രിമാരായ സി. വിജയഭാസ്കർ (വിരലിമല), എം.ആർ. വിജയഭാസ്കർ (കരൂർ) എന്നിവർ എം.എൽ.എ. സ്ഥാനം രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നതാണ് ഈ മണ്ഡലങ്ങളെ ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ചത്.

പെരമ്പൂരിൽ കൂടി വിജയിച്ചതിനാലാണ് മുഖ്യമന്ത്രി തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എം.എൽ.എ. സ്ഥാനം രാജിവെച്ചത്. എന്നാൽ, തിരുച്ചിറപ്പള്ളിയിൽ വിജയ്‌യുടെ ജയം അസാധുവായി പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഡി.എം.കെ. സ്ഥാനാർഥി ഇനിഗോ ഇരുദയരാജ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കരൂരിൽ എം.ആർ. വിജയഭാസ്കർ, വിരലിമലയിൽ സി. വിജയഭാസ്കർ, പെരുന്തുറൈയിൽ ജയകുമാർ, അംബാസമുദ്രത്തിൽ ഇസക്കി സുബ്ബയ്യ എന്നിവരുടെ വിജയവും കേസിൽപ്പെട്ടു.

ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് പാളയംകോട്ടയിലെ വെങ്കടാചലപതി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഇതു പരിഗണിച്ചാണ് സ്‌റ്റേ ഉത്തരവ്. ഉപതിരഞ്ഞെടുപ്പിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയും ഹർജി സമർപ്പിച്ചു. കേസുകൾ തീർപ്പാക്കുന്നതുവരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പദ്ധതിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.

കേസിൽ അന്തിമ വാദം ഈ മാസം 28-ന് നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഒരു വർഷം തികയും മുൻപ് ഏഴിടങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത് തമിഴ്നാടിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്.