സിംഗീതം ശ്രീനിവാസ റാവുവിന് അന്ത്യാഞ്ജലി

ചെന്നൈ : പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു(94)വിന് ചലച്ചിത്ര ലോകം അന്ത്യാഞ്ജലിയർപ്പിച്ചു. ചെന്നൈയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംസ്കാരം. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 60-ഓളം സിനിമകൾ സംവിധാനംചെയ്ത സിംഗീതം ശ്രീനിവാസ റാവു വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അന്തരിച്ചത്.

റാവുവിന്റെ പ്രിയ നടനായിരുന്ന കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. സിംഗീതത്തെപ്പോലെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമൽഹാസൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എസ്.എസ്. രാജമൗലി, ചിരഞ്ജീവി, ജൂനിയർ എൻ.ടി.ആർ., വിജയ് ദേവരകൊണ്ട തുടങ്ങിയവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ആന്ധ്രയിലെ ഗുഡൂരിൽ ജനിച്ച റാവു ചെന്നൈയിലാണ് പഠിച്ചത്. പ്രശസ്ത സംവിധായകൻ കെ.വി. റെഡ്ഢിയുടെ സഹായിയായി ചലച്ചിത്രരംഗത്തെത്തി. ‘മയൂരി’, ‘പുഷ്പകവിമാനം’, ‘അപൂർവ സഹോദരങ്ങൾ’, ‘ആദിത്യ 369’, ‘ഭൈരവദീപം’, ‘മൈക്കിൾ മദന കാമരാജൻ’, ‘മകളീർ മട്ടും’, എന്നിവയാണ് പ്രധാന സിനിമകൾ. സംഭാഷണങ്ങളില്ലാത്ത പുഷ്പകവിമാനം, ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’ എന്നീസിനിമകൾ തെന്നിന്ത്യൻ സിനിമാലോകത്ത് പുതുവഴി വെട്ടിത്തുറന്നു. ഈ വർഷം പുറത്തിറങ്ങിയ ‘സിങ് ഗീത’മാണ് അവസാന ചിത്രം. ദേശീയ ചലച്ചിത്ര പുരസ്കാരം, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.