പത്ത് ദിവസം പിന്നിട്ടിട്ടും നിരാശ; ആശ പ്രവർത്തകരുടെ രാപകൽ സമരം തുടരുന്നു

ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി 20 പേരെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു : വേതനവർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകത്തിലെ ആശ പ്രവർത്തകർ ബെംഗളൂരുവിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും ഉടൻ തന്നെ സമരം അവസാനിപ്പിക്കണമെന്നും പറഞ്ഞ ശിവകുമാർ സർക്കാരിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച സമരം 10 ദിവസം പിന്നിട്ടു. ശക്തമായ തണുപ്പ് അടക്കം കഠിനമായ കാലാവസ്ഥയെ നേരിട്ടാണ് സമരം തുടരുന്നത്.
കടുത്ത തണുപ്പിനെ തുടർന്ന് ആരോഗ്യം മോശമായ 20 ആശ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേതനം 15000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, ചികിത്സ സഹായത്തിന് പദ്ധതി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ പ്രവർത്തകർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇവ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും രേഖാമൂലം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.
രേഖാമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സംഘടനയ്ക്ക് ഇത്തരത്തിൽ രേഖാമൂലം ഉറപ്പുനൽകിയാൽ ഒട്ടേറെ സംഘടനകൾ ഇതേ ആവശ്യവുമായി എത്തും. സർക്കാരിന് പല പരിമിതികളുണ്ട്. ഇത് ആശ പ്രവർത്തകർ മനസിലാക്കണം. സർക്കാരിനെ വിശ്വസിക്കാതെ ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിൽനിന്ന് ആശപ്രവർത്തകർ രേഖാമൂലം ഉറപ്പ് ആവശ്യപ്പെടുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിന് മുന്നിൽ ഈ ആവശ്യം ഉന്നയിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. അടുത്ത മാസം നടത്തുന്ന നിയമസഭാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള മന്ത്രിസഭാ യോഗത്തിൽ ആശപ്രവർത്തകരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്നും ശിവകുമാർ അറിയിച്ചു. സമരത്തിന് എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, സിനിമാതാരങ്ങൾ തുടങ്ങിയവർ പിന്തുണ അറിയിച്ചിട്ടുണ്ട്.