ക്രിസ്മസിന് രണ്ടുമാസം ബാക്കി; തീവണ്ടികളിൽ ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു : രണ്ടുമാസത്തോളം ബാക്കി നിൽക്കെ ക്രിസ്മസിനോടടുത്ത ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഡിസംബർ 18 മുതൽ 24 വരെയുള്ള തീയതികളിൽ ടിക്കറ്റ് തീർന്നു. മലബാർ മേഖലയിലേക്ക് ഡിസംബർ 20 മുതൽ ബെർത്ത് ഉറപ്പുള്ള ടിക്കറ്റില്ല. ചില തീവണ്ടികളിൽ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റ്പോലും കിട്ടാനില്ലാത്ത സ്ഥിതിയായി.

തീവണ്ടികളിൽ ഇത്തവണ ക്രിസ്മസ് കാലത്തേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്. മിക്ക ദിവസങ്ങളിലും റിസർവേഷൻ ആരംഭിക്കുന്ന ദിവസം ആദ്യ മണിക്കൂറുകളിൽത്തന്നെ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീരുകയായിരുന്നു.

ക്രിസ്മസ് കൂടാതെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലമായതും തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് വേഗത്തിൽ തീരുന്നതിന് കാരണമാണ്.

ഉത്സവകാലങ്ങളിൽ രണ്ടുമാസം മുൻകൂട്ടി റിസർവേഷൻ ആരംഭിച്ച ദിവസംതന്നെ സ്ഥിരം തീവണ്ടികളിൽ ടിക്കറ്റ് തീരുന്നത് ഇപ്പോൾ പതിവായിരിക്കയാണ്. തീവണ്ടികളിൽ ടിക്കറ്റില്ലാതെവരുമ്പോൾ പലരും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്. ഇവയിലും ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോൾത്തന്നെ പലതിലും ബെംഗളൂരുവിൽനിന്ന് എറണാകുളംവരെ 2500 രൂപയോളമാണ് നിരക്ക്. ദിവസങ്ങൾ കഴിയുന്നതനുസരിച്ച് സ്വകാര്യ ബസുകൾ നിരക്ക് ഉയർത്തും.

അധികം വൈകാതെതന്നെ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുന്നതുകൂടി പരിഗണിച്ച് ഉടൻതന്നെ പ്രഖ്യാപനം നടത്തുകയും റിസർവേഷൻ ആരംഭിക്കുകയും വേണമെന്നാണ് ആവശ്യം.

ദീപാവലി: ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ റെയിൽവേ പ്രത്യേക തീവണ്ടി സർവീസ് നടത്തും.

ബെംഗളൂരു എസ്.എം.വി.ടി.-കണ്ണൂർ തീവണ്ടി(06545) നവംബർ ഏഴിന് പുലർച്ചെ 12.05-ന്(നവംബർ ആറ് അർധരാത്രി) എസ്.എം.വി.ടി.യിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം രണ്ടിന് കണ്ണൂരിൽ എത്തിച്ചേരും. മടക്ക തീവണ്ടി(06546) നവംബർ ഏഴിന് വൈകീട്ട് 6.25-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.45-ന് എസ്.എം.വി.ടി.യിൽ എത്തും. വൈറ്റ്ഫീൽഡ്, ബെംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.