മെട്രോ കേന്ദ്രവിഹിതമടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ശിവകുമാർ

ബെംഗളൂരു : നമ്മ മെട്രോ റെയിൽപദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം ഉയർത്തണമെന്നതടക്കം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുഖ്യമന്ത്രി ശിവകുമാർ ഉന്നയിച്ചു. മെട്രോ പിങ്ക് പാത ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗത്തിൽതന്നെ ആവശ്യങ്ങൾ ഉന്നയിച്ച ശിവകുമാർ അതിനുശേഷം നിവേദനം സമർപ്പിക്കുകയുംചെയ്തു.

മെട്രോ പദ്ധതിയുടെ ചെലവിന്റെ 80 ശതമാനവും സംസ്ഥാനം വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ കേന്ദ്ര വിഹിതം വർധിപ്പിച്ച് 50:50 അനുപാതത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

മെട്രോ റെയിൽ പുതിയപാതകൾക്കുള്ള അനുമതി നൽകുന്നത് വേഗത്തിലാക്കണമെന്നും മെട്രോയുടെ പ്രവർത്തനനഷ്ടം കേന്ദ്രം പങ്കിടണമെന്നും ആവശ്യപ്പെട്ടു. മേക്കേദാട്ടു അണക്കെട്ട് നിർമാണത്തിന് അംഗീകാരം നൽകുക, കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളുക, വരൾച്ചാ ദുരിതാശ്വസമായി 22,400 കോടി രൂപ അനുവദിക്കുക, കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ശിവകുമാർ ഉന്നയിച്ചു.