ദസറ ഘോഷയാത്രയിൽ നിശ്ചലദൃശ്യം; അയൽസംസ്ഥാനങ്ങൾക്കും ക്ഷണം

ഇക്കുറി സേനകളുടെ ബാൻഡ് മാർച്ചും
മൈസൂരു : ദസറ ഘോഷയാത്രയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടാബ്ലോകൾക്ക് അവസരം നൽകുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഘോഷയാത്രയിൽ അതിഥികളായി അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളുടെ സംസ്കാരം ഇവിടെ പ്രദർശിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. നമ്മുടെ ആളുകൾ അതിനെക്കുറിച്ചും പഠിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഈവർഷം ആദ്യമായി ഘോഷയാത്രയിൽ കര, നാവിക, വ്യോമ സേനകളുടെ ബാൻഡ് മാർച്ചുമുണ്ടാകും. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കരസേന, നാവികസേന, വ്യോമസേനകളുടെ ബാൻഡ് സംഘമാണ് ജംബുസവാരിക്ക് മാറ്റുകൂട്ടുക. കഴിഞ്ഞവർഷം 64 നിശ്ചലദൃശ്യങ്ങളാണുണ്ടായിരുന്നത്. അത് ഇക്കുറി 40 ആയി പരിമിതപ്പെടുത്തുമെന്ന് ദസറ സ്‌പെഷ്യൽ ഓഫീസർ ഷെയ്ഖ് തൻവീർ ആസിഫ് പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിന്റെ മാതൃകയിൽ നൃത്തസംവിധാനം ചെയ്ത പരേഡ് പോലെയായിരിക്കും ഘോഷയാത്ര സംഘടിപ്പിക്കുക. ഓരോ നിശ്ചലദൃശ്യങ്ങൾക്ക് ശേഷം ഒരു സാംസ്‌കാരികസംഘം അണിനിരക്കും. ഓരോ സംഘത്തിനും തങ്ങളുടെ കലാ അവതരണത്തിനായി മൂന്ന് മിനിറ്റ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഈവർഷം ആദ്യമായി കന്നഡ സിനിമാ താരങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.
റൂഫ് ടോപ് ബസിലായിരിക്കും താരങ്ങൾ ആരാധകരെ അഭിവാദ്യംചെയ്ത് സവാരിയെ അനുഗമിക്കുക. അന്തരിച്ച കന്നഡ സിനിമാ താരങ്ങളുടെ ചിത്രപ്രദർശനവും ഘോഷയാത്രയിലുണ്ടാകും.