മാതാ അമൃതാനന്ദമയി അറിവിന്റെ ജ്യോതി -ഡി.കെ. ശിവകുമാർ

ബെംഗളൂരു ബ്രഹ്മസ്ഥാന മഹോത്സവത്തിന് ഭക്തിനിർഭര തുടക്കം
ബെംഗളൂരു : മാതാ അമൃതാനന്ദമയി അറിവിന്റെ ജ്യോതിയാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിൽ വെള്ളിയാഴ്ച ആരംഭിച്ച ബ്രഹ്മസ്ഥാന മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയിലേക്ക് നയിക്കാനായി മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അമ്മയുടെ സാമീപ്യംതന്നെ അനുഗ്രഹമാണെന്നു പറഞ്ഞ അദ്ദേഹം അമ്മയുടെ പദ്ധതികൾ കർണാടകയുടെ അഭിവൃദ്ധിക്കും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും സഹായകരമാണെന്നും അഭിപ്രായപ്പെട്ടു.
പ്രകൃതിയിൽനിന്ന് പാഠങ്ങളുൾക്കൊള്ളാൻ മനുഷ്യൻ പഠിക്കണമെന്ന് അമൃതാനന്ദമയി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. മനുഷ്യൻ മനുഷ്യനുമായി സഹകരിച്ചു നീങ്ങണമെന്നും പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കണമെന്നും ഈശ്വരശക്തിയുമായി സഹവാസം പുലർത്തണമെന്നും അമൃതാന്ദമയി പറഞ്ഞു. അങ്ങനെ ചെയ്താൽ മാത്രമേ പ്രകൃതിയുടെ താളം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തി.
കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയവരായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ ഡി.കെ. ശിവകുമാർ നിർവഹിച്ചു. അമൃതശ്രീ കുടുംബാംഗങ്ങൾക്കുള്ള വസ്ത്ര-സഹായധന വിതരണവും നടന്നു. യശ്വന്ത്പുര എം.എൽ.എ. എസ്.ടി. സോമശേഖർ, വിപ്രോ സി.ഒ.ഒ. സഞ്ജീവ് ജെയിൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം, ദർശനം എന്നിവയും നടന്നു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേർ ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലെ ബ്രഹ്മസ്ഥാനത്ത് മഹോത്സവത്തിൽ പങ്കെടുത്തു. വിശേഷാൽപൂജകളും നടന്നു.