നാല് കൗൺസിൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പൂർത്തിയായി

ചൊവ്വാഴ്ച ഫലമറിയാം
ബെംഗളൂരു : കർണാടക നിയമനിർമാണ് കൗൺസിലിലേക്കുള്ള നാല് സീറ്റുകളിലേക്ക് വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. രണ്ട് ഗ്രാജ്വേറ്റ്സ് സീറ്റിലേക്കും രണ്ട് ടീച്ചേഴ്സ് സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലു സീറ്റുകളിലും കോൺഗ്രസും എൻ.ഡി.എ.യും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കർണാടക സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിലെ ശശി ഹുലികുണ്ടെ മഠം ബി.ജെ.പി. യിലെ കെ.എം. സുരേഷുമായാണ് ഏറ്റുമുട്ടിയത്.
വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ കോൺഗ്രസിലെ മോഹൻ ലിംബികായും ബി.ജെ.പി.യിലെ എസ്.വി. ശങ്കനൂരുമായിരുന്നു സ്ഥാനാർഥികൾ. നോർത്ത് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസ് ശരണപ്പ മട്ടൂരിനെയാണ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പി. ശശിൽ ജി. നമോശിയെയാണ് ഇറക്കിയത്.
ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിലെ പുട്ടണ്ണയും ജെ.ഡി.എസിലെ എ.പി. രംഗനാഥും ഏറ്റുമുട്ടി. നാല് സീറ്റിൽ മൂന്നും നിലവിൽ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളാണ്. ഒന്ന് കോൺഗ്രസിന്റേതും. ഗ്രാജ്വേറ്റുകൾക്കിടയിലും അധ്യാപകർക്കിടയിലും സർക്കാരിന്റെ പിന്തുണ പരിശോധിക്കുന്നതായിരുന്നു കോൺഗ്രസിന് തിരഞ്ഞെടുപ്പ്. സർക്കാരിനെതിരായി ഉന്നയിക്കുന്ന ആരോപണങ്ങളിൽ ജനം പ്രതിപക്ഷത്തിനൊപ്പമാണോയെന്ന വിലയിരുത്തലായി തിരഞ്ഞെടുപ്പുഫലം ബി.ജെ.പി.യും ജെ.ഡി.എസും അടങ്ങുന്ന എൻ.ഡി.എ. ക്ക് മാറും.