ജാതിസർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം -സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാന പിന്നാക്ക കമ്മിഷൻ നേതൃത്വത്തിൽ നടത്തിയ ജാതിസർവേയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് കോടതി ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുന്നതിന് നടപടിയെടുക്കണം.
തന്റെ ആവശ്യം പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയും ഒ.ബി.സി. മന്ത്രിമാരും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ഫെഡറേഷൻ സംഘടിപ്പിച്ച പിന്നാക്കക്കാരുടെ മെഗാ അവബോധസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സിദ്ധരാമയ്യ.
കഴിഞ്ഞവർഷം സംസ്ഥാനത്ത് ജാതി സർവേ നടത്തുമ്പോൾ സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. ഇതിനുമുൻപ് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജാതിസർവേ നടത്തിയെങ്കിലും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. പുതിയ സർവേ നടത്താൻ ആദ്യം വിസമ്മതിച്ച സിദ്ധരാമയ്യ പിന്നീട് പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. 1996-ലെ ജനതാദൾ സർക്കാരിൽ താൻ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതലുള്ള സ്വപ്നമാണ് ജാതി സർവേയെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിക്കണം. ലോക്‌സഭയിലും നിയമസഭയിലും 75 ശതമാനം സംവരണം വേണം. ലക്ഷ്യംകാണുന്നതുവരെ സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. മൂന്നുമാസം മുൻപ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ ശക്തിപ്രകടനമായിട്ടാണ് ഞായറാഴ്ച നടത്തിയ പിന്നാക്ക അവബോധ സമ്മേളനം വിലയിരുത്തപ്പെടുന്നത്.
സമ്മേളനത്തിൽ സിദ്ധരാമയ്യയെ ആദരിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ ഉയർച്ചയ്ക്കായി ചെയ്ത സേവനങ്ങളുടെ പേരിൽ നേതാക്കൾ അദ്ദേഹത്തെ പ്രകീർത്തിച്ചു.
ബസവണ്ണയുടെയും അംബേദ്കറിന്റെയും മൂല്യങ്ങൾ പിന്തുടരുന്ന നേതാവാണ് സിദ്ധരാമയ്യയെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ഉപമുഖ്യമന്ത്രി പി. പരമേശ്വര പറഞ്ഞു. മന്ത്രിമാരായ സന്തോഷ് ലാഡ്, മധുബെംഗാരപ്പ, പുട്ടരംഗഷെട്ടി,അജയ് സിങ്, ബൈരതി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.