പുതിയ മെട്രോ പാതയും വന്ദേഭാരതും ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി

ഡി.കെ. ശിവകുമാറിനൊപ്പം മെട്രോയിൽ യാത്ര ചെയ്ത് മോദി

ബെംഗളൂരു : ബെംഗളൂരുവിൽ പുതിയ മെട്രോ പാതയായ പിങ്ക് ലൈനിന്റെ ആദ്യഘട്ടവും ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് തീവണ്ടിയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാതയുടെ ഉദ്ഘാടനത്തോടെ ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരുവും മെട്രോയുടെ ദൈർഘ്യത്തിൽ സെഞ്ചുറി (നൂറ് കിലോമീറ്റർ) നേടുന്ന നഗരമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2014-ൽ 17 കിലോമീറ്റർമാത്രം ദൈർഘ്യമുണ്ടായിരുന്ന മെട്രോ ഇപ്പോൾ 103 കിലോമീറ്ററായി മാറി. മെട്രോയുടെ വിജയം കേവലം ഒരു പദ്ധതിയുടെ വിജയമായി കാണേണ്ടതല്ലെന്നും ജനജീവിതവും ഗതാഗതവും സുഗമമാക്കണമെന്ന രാജ്യത്തിന്റെ പുതിയ കാഴ്ചപ്പാടിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ജി.പാളയ മെട്രോ സ്റ്റേഷനിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കൈകൾ ചേർത്തുപിടിച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് നിർവഹിച്ചത്. ശിവകുമാറിനൊപ്പം പ്രധാനമന്ത്രി ഐ.ഐ.എം.ബി. സ്റ്റേഷൻവരെ മെട്രോയിൽ ഒരുമിച്ചിരുന്ന് സഞ്ചരിക്കുകയും ചെയ്തു. ഗവർണർ ഡോ. സുധാ യാദവ്, ബെംഗളൂരു വികസന മന്ത്രി കൃഷ്ണബൈരെ ഗൗഡ, തേജസ്വി സൂര്യ എം.പി., മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കർണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റൂട്ടിലേക്ക് പുതിയ വന്ദേഭാരത് സെമി ഹൈ സ്പീഡ് ട്രെയിൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാല് റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതുൾപ്പെടെ റെയിൽവേ-ഊർജം-മാലിന്യസംസ്കരണ മേഖലകളിലെ മൊത്തം 15,600 കോടി രൂപയുടെ പദ്ധതികൾക്കാണ് ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവുമായി പ്രധാനമന്ത്രി തുടക്കംകുറിച്ചത്.

സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന(എസ്-വ്യാസ യൂണിവേഴ്‌സിറ്റി)യുടെ ബെംഗളൂരു ജിഗനിയിലെ ആസ്ഥാനമായ പ്രശാന്തികുടീരത്തിന്റെ സുവർണ ജൂബിലി ആഘോഷവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്-വ്യാസ യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി വെർച്വലായി നിർവഹിച്ചു. മൈസൂരുവിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് മൈസൂരു സർവകലാശാലയുമായി സഹകരിച്ച് സ്ഥാപിച്ച കോസ്‌മോസ് പ്ലാനറ്റേറിയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.