അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ ഭരണഘടന പഠിപ്പിക്കും

ബെംഗളൂരു : കർണാടകത്തിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ ഭരണഘടനയെപ്പറ്റിയുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഭരണഘടനയിലെ ആദർശങ്ങളെയും മൂല്യങ്ങളെയുംപ്പറ്റി ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധവത്കരിക്കാൻ വേണ്ടിയാണിത്. ഇത് നടപ്പാക്കുന്നതിനായി കമ്മിറ്റിക്ക് രൂപം നൽകുമെന്നും മൈസൂരു മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന് ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം ചെയ്യവേ ശിവകുമാർ പറഞ്ഞു.
യുവജനങ്ങളിൽ ജനാധിപത്യബോധവും നേതൃപാടവവും വളർത്തുന്നതിനായി നിമയസഭാ മണ്ഡലങ്ങളിൽ യുവപാർലമെന്റുകൾ സംഘടിപ്പിക്കാനും യുവ നേതാക്കളെ കണ്ടെത്താനുമുള്ള പദ്ധതിയും ആവിഷ്കരിച്ചുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും തലമുറയിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവു വളർത്താൻ ഇത്തരം ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കർഷകന്റെ മകൻ, ഒരു പൊതുപ്രവർത്തകൻ, ഒപ്പം മുഖ്യമന്ത്രി എന്നീ നിലകളിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 40 വർഷമായി വിവിധ പദവികളിൽ ജനങ്ങളെ സേവിക്കുന്നു. എന്റെ ജീവിതത്തിന് കരുത്തും ധൈര്യവും പ്രചോദനവും തന്നത് ഭരണഘടനയാണ്. അധികാരം നൽകുന്നതിനൊപ്പം ജനങ്ങളുടെ അവകാശങ്ങളെ മാനിക്കാനുള്ള ഉത്തരവാദിത്വവും അത് നമുക്ക് തരുന്നു.'-മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന രൂപവത്കരിക്കുന്നതിൽ കർണാടകയിൽനിന്നുള്ള 12 പേർ നിർണായക പങ്കുവഹിച്ചിരുന്നതായി ഓർമിപ്പിച്ചു. കെ.സി. റെഡ്ഡി, എസ്. നിജലിംഗപ്പ, കെംഗൽ ഹനുമന്തയ്യ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ വലുതാണെന്നും പറഞ്ഞു.
ഭരണഘടനാ ദിനാഘോഷം
മൈസൂരു : മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല ഭരണഘടനാ ദിനാഘോഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ഡോ. യതീന്ദ്ര സിദ്ധരാമയ്യ, കെ.എച്ച്. മുനിയപ്പ, സതീഷ് ജാർക്കിഹോളി, എൻ. ചെലുവരായസ്വാമി, കെ.എം. ശിവലിംഗ ഗൗഡ, പി.എം. നരേന്ദ്രസ്വാമി, റിസ്വാൻ അർഷാദ്, പുട്ട രംഗഷെട്ടി, മുൻ മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, തൻവീർ സേട്ട്, എച്ച്.എം. രേവണ്ണ, കെ.പി.സി.സി. പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിംങ് സുർജേവാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മുഖ്യമന്ത്രി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേദിയിലെ ഡോ. ബി.ആർ. അംബേദ്കർ, ബാബു ജഗ്ജീവൻ റാം എന്നിവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടി നടന്നത്.