കോൺഗ്രസ് നേതാവ് ജോസഫ് സ്റ്റാലിൻ അന്തരിച്ചു

ബെംഗളൂരു : കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ജോസഫ് സ്റ്റാലിൻ(57) അന്തരിച്ചു. മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം വൈപ്പിൻ വൈപ്പിശ്ശേരി ജേക്കബിന്റെയും എലിസബേത്തിന്റെയും മകനായ സ്റ്റാലിൻ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്.
എൻ.എസ്.യു.ഐ. കർണാടക സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് എത്തിയത്. കർണാടക മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1996-ൽ എൻ.എസ്.യു.ഐ. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് സ്റ്റാലിൻ പത്തുവർഷം പദവിയിൽ തുടർന്നു. 2006-ൽ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി.
കർണാടകത്തിലെ മലയാളി, തമിഴ് സമൂഹങ്ങളുമായി വളരെ അടുപ്പം പുലർത്തിയ നേതാവാണ്. റിയൽ എസ്റ്റേറ്റ് സംരംഭകനും ഹോട്ടൽ ഉടമയുംകൂടിയായിരുന്നു.
അസുഖബാധിതനായതിനെത്തുടർന്ന് കുറേക്കാലമായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഭാര്യ: ലീന. മകൾ: മിലാന. സംസ്കാരം ശനിയാഴ്ച 2.30-ന് ന്യൂ ഗുഡ്ഡദഹള്ളി സെയ്ന്റ് ആന്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മൈസൂരു റോഡ് കത്തോലിക്ക സെമിത്തേരിയിൽ.