ബസ് നിർത്തിയിട്ട ലോറിയിലിടിച്ച് ഒൻപതു പേർക്ക് പരിക്ക്

മൈസൂരു-ബെംഗളൂരു പാതയിൽ വീണ്ടും കെ.എസ്.ആർ.ടി.സി. അപകടം
അപകടത്തിൽപ്പെട്ടത് കണ്ണൂർ -ബെംഗളൂരു സൂപ്പർ ഡീലക്‌സ് ബസ്
ബെംഗളൂരു : മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ വീണ്ടും കേരള ആർ.ടി.സി. ബസപകടം. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഡീലക്‌സ് എയർ ബസാണ് ദേശീയപാതയിലെ ചന്നപട്ടണയിൽ അപകടത്തിൽ പ്പെട്ടത്. ബസിലെ ജീവനക്കാർ ഉൾപ്പെടെ ഒൻപതു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു യാത്രക്കാരന്റെ നില ഗുരുതരമാണ്.
കേടുവന്ന ചക്രം മാറ്റാനായി റോഡിൽ നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ കിളിയന്തറ സ്വദേശി ഡി. പ്രദീപ് കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിന്റെ ഡ്രൈവർ രാജേഷ് കുമാർ, കണ്ടക്ടർ സജിത് എന്നിവർക്കും ആറു യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ചന്നപട്ടണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുചക്രമുള്ള വലിയ ലോറിയുടെ പിറകിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കഴിഞ്ഞമാസം ഒൻപതിന് ദേശീയപാതയിലെ ബിഡദിയിൽ കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. 20 പേർക്ക് പരിക്കേറ്റു. ഇതിന്റെ നടുക്കം മാറുന്നതിനു മുൻപാണ് വീണ്ടും ഇതേ പാതയിൽ കേരളത്തിൽനിന്നുള്ള മറ്റൊരു ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടത്.