ബന്ദിപ്പുരിൽ ഒരുവർഷത്തിനിടെ കൂട്ടിലായത് 31 കടുവകൾ

മൈസൂരു : ബന്ദിപ്പുരിൽ ഒരു വർഷത്തിനിടെ വനംവകുപ്പ് പിടികൂടിയത് 31 കടുവകളെ. ഈ മാസം രണ്ട് വ്യത്യസ്ത കടുവാക്രമണത്തിൽ ഒരു കർഷകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് വനംവകുപ്പ് കണക്ക് പുറത്തുവിട്ടത്. കാടിറങ്ങിയ കടുവകളെ പിടികൂടാൻ വനാതിർത്തിയിലടക്കം കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്ന് ബന്ദിപ്പുർ ഫോറസ്റ്റ് കൺസർവേറ്റർ എൽ. നന്ദീഷ് പ്രദേശവാസികളെ അറിയിച്ചു.
ഭക്ഷണവും വെള്ളവും തേടി കടുവകൾ ആവാസ വ്യവസ്ഥയ്ക്ക് പുറത്തേക്ക് വരുന്നതാണ് വന്യമൃഗ ആക്രമണം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിനിടെ ബന്ദിപ്പുരിൽ കടുവകളുടെ എണ്ണം പത്തിരട്ടിയിലധികം വർധിച്ചു. 1972-ൽ 12 കടുവകളുണ്ടായിരുന്ന ബന്ദിപ്പുരിൽ ഇപ്പോൾ 190-ആയി. ആന, കാട്ടുപോത്ത്, പുള്ളിപ്പുലി എന്നിവയുടെ എണ്ണത്തിലും വൻ വർധനയാണ്. കേന്ദ്രത്തിൽ 1,200-ലധികം ആനകൾ നിലവിലുണ്ട്. വന്യജീവികളുടെ എണ്ണം വർധിക്കുന്നത് ബന്ദിപ്പുരിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വനപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും മനുഷ്യ-മൃഗ സംഘർഷം കൂടുന്നതിന് കാരണമാകുകയാണ്.
11 വർഷത്തിനിടെ കടുവ, ആന, പുള്ളിപ്പുലി എന്നിവയുടെ ആക്രമണത്തിൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ 34 പേർ മരിച്ചതായും അദ്ദേഹം അറിയിച്ചു. ആനകൾ വനങ്ങളിൽനിന്ന് പുറത്തേക്ക് പോകുന്നത് തടയാൻ വനം വകുപ്പ് കൂടുതൽ സുരക്ഷാ വേലികൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഗ്രാമവാസികളെ അറിയിച്ചു.