കേരള-കർണാടക യാത്ര ഡി.കെ. ശിവകുമാറുമായി മന്ത്രി ടി.സിദ്ദിഖ് ചർച്ച നടത്തി

ബെംഗളൂരു : കേരള-കർണാടക അന്തസ്സംസ്ഥാന ഗതാഗതം സുഗമമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരള കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ശിവകുമാറിന്റെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മൈസൂരു- നഞ്ചൻകോട്- നിലമ്പൂർ റെയിൽപാത പ്രാവർത്തികമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. അതിർത്തിപ്രദേശത്തെ രാത്രിയാത്രാ നിരോധനത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.

രാത്രിയാത്രാ നിരോധന സമയത്ത് കൂടുതൽ ബസുകൾ കടത്തിവിടണം.

രോഗികളുമായി പോകുന്ന വാഹനങ്ങളും ആംബുലൻസ് സർവീസും തടയുന്നത് ഒഴിവാക്കണം. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രീതിയിൽ ഇരട്ടടണൽ പാതയോ ആകാശപാതയോ നിർമിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ബൈരക്കുപ്പ പാലം നിർമാണത്തിലെ മുഴുവൻ തടസ്സങ്ങളും നീക്കി പ്രവൃത്തി തുടങ്ങാൻ സൗകര്യമുണ്ടാക്കണമെന്ന് അഭ്യർഥിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറും സ്വീകരിക്കുന്ന നടപടികൾ ശിവകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇക്കാര്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു. കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നതാണെന്നും കേരളവും കർണാടകവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പുതിയ വികസന പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയായ ടി. സിദ്ദിഖ് വ്യക്തമാക്കി. കർണാടക ജൈവോർജവികസനബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്രയും സംബന്ധിച്ചു.