കോൺഗ്രസിൽ പുതിയ നീക്കം; അഹിന്ദ പ്രസ്ഥാനം ശക്തിപ്പെടുത്താൻ സിദ്ധരാമയ്യ

ബെംഗളൂരു : പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണം ഏറ്റെടുത്ത് കർണാടക രാഷ്ട്രീയത്തിൽ കരുത്ത് തെളിയിക്കാനുള്ള നീക്കവുമായി മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക, ഒ.ബി.സി., ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടിയുള്ള അഹിന്ദ പ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടത്തിയ പിന്നാക്ക അവബോധ മെഗാ സമ്മേളനം സിദ്ധരാമയ്യയുടെ ശക്തിപ്രകടനംകൂടിയായിരുന്നു. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മറ്റ് നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞാലും സംസ്ഥാനത്ത് ഏറ്റവും ജനപിന്തുണയുള്ള കോൺഗ്രസ് നേതാവ് താനാണെന്ന് ഉറപ്പിക്കുന്ന നീക്കമാണ് സിദ്ധരാമയ്യ നടത്തുന്നത്.

ജാതിസർവേ റിപ്പോർട്ട് പുറത്തുവിടണമെന്നും പിന്നാക്ക, ഒ.ബി.സി. വിഭാഗങ്ങൾക്ക് 75 ശതമാനം സംവരണം വേണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ട സിദ്ധരാമയ്യ ലക്ഷ്യംകാണുംവരെ പോരാട്ടം തുടരാൻ ആഹ്വാനം ചെയ്തു. പട്ടികജാതിവിഭാഗങ്ങൾക്ക് ആഭ്യന്തര സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

കർണാടകത്തിൽ ബി.ജെ.പി.യുടെ വർഗീയരാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കാൻ അഹിന്ദ പ്രസ്ഥാനം ശക്തിപ്പെടുത്തണമെന്ന അഭിപ്രായമുള്ളവരാണ് പരമേശ്വര അടക്കമുള്ള മുതിർന്നനേതാക്കൾ. അതിനാൽത്തന്നെ സിദ്ധരാമയ്യയുടെ പ്രവർത്തനം പാർട്ടിക്ക്‌ ഗുണകരമാകുമെന്ന പൊതുവിലയിരുത്തലുമുണ്ട്. അഹിന്ദ പ്രസ്ഥാനം കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നാണ് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തെക്കുറിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.

അഹിന്ദ പ്രസ്ഥാനം ശക്തപ്പെടുന്നത് കോൺഗ്രസിന്റെ ശക്തി വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനുശേഷം കഴിഞ്ഞ മൂന്നുമാസമായി അത്ര സജീവമല്ലാതിരുന്ന സിദ്ധരാമയ്യ ഇപ്പോൾ സംസ്ഥാനരാഷ്ട്രീയത്തിൽ തന്റെ സ്വാധീനം കൂടുതൽ ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ ദളിത്, ഒ.ബി.സി. വിഭാഗങ്ങളെ ഒപ്പംകൂട്ടാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ കർണാടകത്തിൽ ഇത് സ്വയമേറ്റെടുക്കുകയാണ് സിദ്ധരാമയ്യ. ദേശീയതലത്തിൽ കോൺഗ്രസ് ഒ.ബി.സി. വിഭാഗത്തിന്റെ നേതൃത്വം സിദ്ധരാമയ്യക്ക് നൽകാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, തനിക്ക് ദേശീയരാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതേ നിലപാട് തുടരുന്ന സിദ്ധരാമയ്യ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ ഒരു തിരിച്ചുവരവിന് കളമൊരുക്കുകയാണെന്നാണ് സൂചന.