വാക്ക് വിത്ത് ഷിഫ സീസൺ 2' നവംബർ 27-ന് സീഫ് വാട്ടർ ഗാർഡൻ സിറ്റിയിൽ

മനാമ: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും പ്രമേഹ ബോധവൽക്കരണത്തിന്റെയും ഭാഗമായി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന 'വാക്ക് വിത്ത് ഷിഫ-സീസൺ 2' നവംബർ 27 വെള്ളിയാഴ്ച സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ നടക്കും. ക്യാപിറ്റൽ ഗവർണറേറ്റിന്റെയും വാട്ടർ ഗാർഡൻ സിറ്റിയുടെയും സഹകരണത്തോടെയാണ് ഈ മെഗാ കമ്മ്യൂണിറ്റി വെൽനസ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് ശേഷം 3 മുതൽ രാത്രി 9 മണി വരെ നീളുന്ന പരിപാടിയിൽ വോക്കത്തൺ, സൂംബ എയറോബിക് വ്യായാമം, വിവിധ കായിക-ശാരീരികക്ഷമതാ മത്സരങ്ങൾ, എയറോബിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന 2 കിലോമീറ്റർ കമ്മ്യൂണിറ്റി വാക്കത്തൺ ഫ്ളാഗ്-ഓഫിലും തുടർന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലും ക്യാപിറ്റൽ ഗവർണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, പാർലമെന്റ് അംഗങ്ങൾ, ആരോഗ്യമേഖലയിലെ പ്രമുഖർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 'ആരോഗ്യപൂർണ്ണമായ നാളേക്കായി കൈകോർക്കുക' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഷിഫ അൽ ജസീറ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച 'വാക്ക് വിത്ത് ഷിഫ' ആദ്യ സീസണിന് ലഭിച്ച വൻ ജനപിന്തുണയുടെ പശ്ചാത്തലത്തിലാണ് കൂടുതൽ വിപുലമായ പരിപാടികളോടെ രണ്ടാം സീസൺ ഒരുക്കിയിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കുടുംബങ്ങൾക്കിടയിൽ വ്യായാമ ശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗജന്യ മെഡിക്കൽ പരിശോധനകൾ, പ്രമേഹ നിർണ്ണയ ക്യാമ്പ്, ഫിറ്റ്നസ് സെഷനുകൾ, വിവിധ കലാപരിപാടികൾ എന്നിവയും വേദിയിൽ ഒരുക്കിയിട്ടുണ്ട്. പുഷ്-അപ്പ്, പുൾ-അപ്പ്, സിറ്റ്-അപ്പ്, പ്ലാങ്ക് തുടങ്ങിയ ഇനങ്ങളിലാണ് കായിക-ശാരീരികക്ഷമതാ മത്സരങ്ങൾ നടക്കുക. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി രസകരമായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫിറ്റ്നസ് മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് ബൈസിക്കിൾ സമ്മാനമായി ലഭിക്കും. മറ്റ് വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. 3 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വേദിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1,000 പേർക്ക് ടി-ഷർട്ടും തൊപ്പിയും അടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും. വൈകിട്ട് 4 മണിക്കാണ് വോക്കത്തൺ ആരംഭിക്കുക.
ക്യാപിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ സമൂഹത്തിന്റെ ആരോഗ്യ ക്ഷേമത്തിനായി ഇത്തരമൊരു ഉദ്യമം വീണ്ടും സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും, ആരോഗ്യകരമായ ഒരു സമൂഹത്തിനായി നടത്തുന്ന ഈ സംരംഭത്തിൽ മുഴുവൻ കുടുംബങ്ങളും പങ്കാളികളാകണമെന്നും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സിയാദ് ഉമർ അഭ്യർത്ഥിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://www.shifaaljazeera.com/go/walk-whatsapp എന്ന ലിങ്ക് സന്ദർശിക്കുക.