ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' പ്രൗഢഗംഭീരമായി സമാപിച്ചു

ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍' പരിപാടിയില്‍നിന്ന്‌
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍' പരിപാടിയില്‍നിന്ന്‌

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും ഗുരുസേവാ സമിതി- ബഹ്‌റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ: ദ കോൺഫ്‌ലുവൻസ് ഓഫ് കൾച്ചേഴ്‌സ്- ദ സ്പിരിറ്റ് ഓഫ് ഹ്യൂമാനിസം' സാംസ്‌കാരിക സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. പത്മശ്രീ ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തോടും ഉദ്ഘാടനത്തോടും കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിയും കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ബി.കെ. ഹരിപ്രസാദ്, പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ, വി. ജയശങ്കർ (യൂണികോ), മഹേഷ് ദേവ്ജി (ദേവ്ജി ഗ്രൂപ്പ്) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗോകുലം ഗോപാലൻ (ശ്രീനാരായണ ഗുരു എക്‌സലൻസ് അവാർഡ് 2026), കെ.ജി. ബാബുരാജൻ (ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ് 2026), പമ്പാവാസൻ നായർ (ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ് 2026), വി. ജയശങ്കർ (ശ്രീനാരായണ ഗുരു സോഷ്യൽ സർവീസ് അവാർഡ് 2026) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

കൂടാതെ ഫത്താറാം ചന്ദേലിയ, അശോക് കുമാർ, ബിശ്വാസ് കൃഷ്ണ നാരായണൻ, അമ്പലത്തറ രാജൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 1,200-ലധികം കാണികൾ പങ്കെടുത്ത മഹാസമ്മേളനത്തിൽ, പ്രശസ്ത പിന്നണി ഗായകരായ ലിബിൻ സക്കറിയ, കീർത്തന എസ്.കെ. എന്നിവർ നയിച്ച 'മ്യൂസിക്കൽ നൈറ്റ്' സദസ്സിന് സംഗീതവിരുന്നേകി. പരിപാടി വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി സമൂഹത്തിനും സംഘാടകർ നന്ദി അറിയിച്ചു.

Content Highlights: Tribute to Bahrain cultural event organized in Manama featuring awards and music