സിംസ് 'വർക്ക് ഓഫ് മേഴ്സി അവാർഡ് 2026' ബഹ്‌റൈനിലെ നഴ്‌സിങ് സമൂഹത്തിന്

മനാമ: ബഹ്‌റൈനിലെ സീറോ- മലബാർ സൊസൈറ്റി (സിംസ്) ഏർപ്പെടുത്തിയ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ബഹ്‌റൈനിലെ നഴ്‌സിങ് സമൂഹത്തിന് സമർപ്പിക്കുന്നതായി സിംസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനവകാരുണ്യ മേഖലയിലും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ആദരിക്കുകയും അവരുടെ നിസ്വാർഥ സേവനങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനായി 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി വരുന്നു.
രോഗികൾക്ക് ചികിത്സ മാത്രമല്ല, ആശ്വാസവും, കരുതലും, ആത്മവിശ്വാസവും, മാന്യതയും, പ്രതീക്ഷയും നൽകുന്നവരാണ് നഴ്‌സുമാർ. രോഗത്തിന്റെയും, വേദനയുടെയും, ഭയത്തിന്റെയും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ രോഗികളോടൊപ്പം നിൽക്കുന്ന നഴ്സുമാരുടെ സേവനം കരുണയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉജ്വല മാതൃകയാണ്. ബഹ്‌റൈനിലെ നഴ്‌സിങ് സമൂഹവും രോഗീപരിചരണത്തിലൂടെ നിർവഹിച്ചുവരുന്ന കരുണയുടെയും സേവനത്തിന്റെയും പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് വഴി ആദരിക്കപ്പെടുന്നത്. അതോടൊപ്പം, ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്‌സുമാരെ അവരുടെ സമർപ്പിത സേവനത്തെ മാനിച്ചുകൊണ്ട് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി പ്രത്യേകം ആദരിക്കുന്നു.
ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7:30-ന്, ബഹ്‌റൈൻ അദാരി പാർക്കിലുള്ള ന്യൂ സീസൺ ഹാളിൽ നടക്കുന്ന പുരസ്‌കാരദാന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്‌തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡി, ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എം.പി. എന്നിവർ മുഖ്യാഥിതിയായിരിക്കും. ബി.കെ.ജി. ഹോൾഡിങ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായിരിക്കും. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് സ്വാഗതപ്രസംഗം നടത്തും. സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ബഹ്‌റൈനിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിക്കും. ബഹ്റൈൻ കാത്തലിക് നേഴ്‌സസ് നാഷണൽ കോർഡിനേറ്റർസ് വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.
വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്‌സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, സിംസ് മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.
Content Highlights: SYMS Work of Mercy Award 2026 honors the nursing community in Bahrain