‘സ്നേഹപൂർവം പത്തനംതിട്ട’ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ

മനാമ: പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ 44-ാം വാർഷികവും കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷവും ‘സ്നേഹപൂർവം പത്തനംതിട്ട’ എന്ന പേരിൽ ഒക്ടോബർ 6 വെള്ളിയാഴ്ച വൈകിട്ട് ആറുമുതൽ ഇന്ത്യൻ ക്ലബ്ബിൽ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ. അഡ്വ. അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രമുഖ ഗായകനും കോമഡി സ്കിറ്റ് അവതാരകനും ടി.വി. ഷോകളിലെ സ്ഥിരം സാന്നിധ്യവുമായ രാജേഷ് അടിമാലിയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.
ശബരിമല, ആറന്മുള വള്ളംകളി, ചെറുകോൽപ്പുഴ, മാരാമൺ കൺവൻഷൻ, പടയണി തുടങ്ങിയ മത-സാംസ്കാരിക സംഗമങ്ങളിലൂടെ പത്തനംതിട്ട കൈവരിച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും പ്രവാസലോകത്ത് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കുടുംബസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. അബിൻ വർക്കി എം.എൽ.എ.യുടെ നേതൃത്വത്തിൽ ആറന്മുള മണ്ഡലത്തിൽ നടപ്പാക്കുന്ന ‘എം.എൽ.എ. കെയർ’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. പത്തനംതിട്ട ജില്ലയിലെ ഒ.ഐ.സി.സി. അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുമെന്നും ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി, പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Snehapoorvam Pathanamthitta will bring together expatriates for cultural performances, an OICC district gathering, the launch of MLA Care and student honours at Bahrain Indian Club.