സിന്നാദും ഖലീജി ബാങ്കും പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

കരാറിൽ ഒപ്പുവെക്കുന്നു
കരാറിൽ ഒപ്പുവെക്കുന്നു

മനാമ: മധ്യപൂർവേഷ്യ- ആഫ്രിക്ക മേഖലയിൽ കാർഡ് പ്രോസസിങ്- ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്ന മുൻനിര സ്ഥാപനമായ സിന്നാദും ഖലീജി ബാങ്കും സഹകരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. സിന്നാദിന്റെ നൂതന സാങ്കേതികവിദ്യകളും ശേഷികളും പ്രയോജനപ്പെടുത്തി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിര വിപുലീകരിക്കുന്നതിനുമുള്ള പുതിയ അവസരങ്ങൾ കരാർ തുറന്നുനൽകുന്നു.

നിലവിലുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് സഹകരണം രൂപപ്പെടുത്തിയിരിക്കുന്നത്. ബാങ്കിങ് സേവനങ്ങളും പേയ്മെന്റ് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന പൊതുവായ കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു. സിന്നാദിന്റെ സാങ്കേതിക ശേഷിയും വൈദഗ്ധ്യവും ഉപയോഗിച്ച്, ഖലീജി ബാങ്കിന് സേവന ശൃംഖല ശക്തിപ്പെടുത്താനും കൂടുതൽ വൈവിധ്യമാർന്നതും സംയോജിതവുമായ സേവനങ്ങൾ നൽകാനും സാധിക്കും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ബാങ്കിന്റെ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും.

ഖലീജി ബാങ്കുമായുള്ള പങ്കാളിത്തത്തെ വേറിട്ടുനിർത്തുന്നത്, നിരന്തരം വികസിക്കാനും സഹകരണത്തിന്റെ പുതിയ മേഖലകൾ സൃഷ്ടിക്കാനുമുള്ള കഴിവാണെന്ന് സിന്നാദ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജരായ മഹ്‌മൂദ് അൽ അൽവാൻ പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ സംയോജിത സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി സിന്നാദുമായുള്ള സഹകരണം വിപുലീകരിക്കുന്നത് സുപ്രധാന ചുവടുവയ്പ്പാണെന്ന് ഖലീജി ബാങ്ക് ഡെലിവറി ചാനൽ ആൻഡ് കാർഡ്‌സ് വിഭാഗം മേധാവി ഇബ്രാഹിം ഖലീൽ അലവാധി പറഞ്ഞു.

Content Highlights: SINNAD and Khaleeji Bank strengthen partnership by expanding scope of collaboration and services