ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ആർ.കെ. മുഹമ്മദ് അന്തരിച്ചു

മനാമ: ബഹ്‌റൈനിലെ സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്ന തൃശൂർ അന്തിക്കാട് മുറ്റിചൂർ രായംമരക്കാർ വീട്ടിൽ ആർ.കെ. മുഹമ്മദ് (68) അന്തരിച്ചു. അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
നാലര പതിറ്റാണ്ടോളം ഈസ്റ്റ് റിഫ കേന്ദ്രീകരിച്ച് പ്രവാസ ജീവിതം നയിച്ചിരുന്ന ആർ.കെ. മുഹമ്മദ്, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ മുൻനിരയിൽനിന്ന് പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. റിഫ നഗരസഭയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം ഒന്നര വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
റിഫ കേന്ദ്രമായി കെ.എം.സി.സി. രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റിഫയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ ആരംഭിക്കുന്നതിലും സമസ്തയുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം അന്തിക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറിയായി പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുകയായിരുന്നു അദ്ദേഹം.
ഈസ്റ്റ് റിഫ കെ.എം.സി.സി. ഹാളിൽ നിരവധി ആളുകൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഒത്തുകൂടി. റഫീഖ് കുന്നത്ത്, എൻ. അബ്ദുൽ അസീസ്, ടി.ടി. അഷ്‌റഫ്, എം.കെ. സിദ്ദീഖ് തുടങ്ങിയ പ്രമുഖ നേതാക്കൾ മരണാനന്തര പ്രാർഥനാ സദസ്സിനും അനുശോചന യോഗത്തിനും നേതൃത്വം നൽകുകയും നിരവധി പ്രവർത്തകർ അതിൽ പങ്കുചേരുകയും ചെയ്തു.
Content Highlights: Death of veteran social worker and KMCC leader R.K. Muhammed at 68., Significant contributions to social, cultural, and charitable sectors in Riffa, Bahrain., Played a key role in establishing the KMCC and Samastha Madrasa in Riffa., Continued active public service as Muslim League secretary in Anthikad after returning to Kerala.