പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റ് ഉദ്ഘാടനം ടി. പദ്മനാഭന്‍ നിര്‍വ്വഹിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ ഉദ്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 5.30-ന് ഉമ്മുല്‍ ഹസം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിക്കും.

പ്രിയദര്‍ശിനി ബുക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം കോവളം എം.എല്‍.എ. എം. വിന്‍സെന്റ് നിര്‍വ്വഹിക്കും. നളിന കാന്തി ഫീച്ചര്‍ ഫിലിം പ്രദര്‍ശന ഉദ്ഘാടനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാറും നിര്‍വ്വഹിക്കും. കൂടാതെ ജേക്കബ് എബ്രഹാമിന്റെ പുസ്തകമായ ബര്‍ണ്ണശ്ശേരിയിലെ ചട്ടക്കാരികള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.

സമ്മേളനത്തില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മന്‍സൂര്‍ പള്ളൂര്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി. നേതാക്കളായ രാജു കല്ലുംപുറം, ഗഫൂര്‍ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയില്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ സഞ്ജു പിള്ള, വിവിധ രാജ്യങ്ങളിലെ നേതാക്കളായ സൈദ് എം. എസ്, നൗഫല്‍ പാലക്കാടന്‍, ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവരും സംബന്ധിക്കും.

അക്ഷര സ്‌നേഹികളായ മുഴുവന്‍ മലയാളികളിലേക്കും പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രവര്‍ത്തനം എത്തിക്കുക എന്നുള്ളതാണ് തങ്ങളുടെ ദൗത്യമെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ വായനക്കാരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുക, പുസ്തക മേളകള്‍ സംഘടിപ്പിക്കുക തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളാണ് പ്രിയര്‍ശിനി പബ്ലിക്കേഷന്‍ മിഡില്‍ ഈസ്റ്റില്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: priyadarshini publications Middle East Inauguration