പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം

.
.

മനാമ:കേരള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലെ മലയാളം മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന, ബഹറിന്‍ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം പ്രതിഭ സെന്ററില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. കേരള പര്യടനം' എന്ന പേരില്‍ ബഹ്‌റൈനിലെ മുഴുവന്‍ പാഠശാലകളിലെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ടീമുകള്‍ക്കായി നടത്തിയ ഫാമിലി ക്വിസ് മത്സരം മികച്ച നിലവാരത്തോടെ അവതരിപ്പിക്കപ്പെട്ടു. അനീഷ് നിര്‍മ്മലന്‍ ക്വിസ് മാസ്റ്ററായി നേതൃത്വം നല്‍കിയ മത്സരത്തില്‍ ബി.കെ.എസ് മലയാളം പാഠശാല വിദ്യാര്‍ത്ഥികളായ പൗര്‍ണമി ബോബി & ശ്രീജ ബോബി, മേധ മുകേഷ് & മുകേഷ് കിഴക്കേ മാങ്ങാട്ടില്ലം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പ്രതിഭ മലയാളം പാഠശാലയിലെ ഡാരിയ റോസ് & ഡിന്റോ ഡേവിഡ് എന്നിവര്‍ക്കാണ് മൂന്നാംസ്ഥാനം. പ്രാഥമിക റൗണ്ടായ എഴുത്തു പരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകള്‍ അണി നിരന്ന അതിശക്തമായ 5 റൗണ്ട് മത്സരങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കണ്‍വീനര്‍ ബാബു വി. ടി. സ്വാഗതം പറഞ്ഞു. പാഠശാല കോര്‍ഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാനത്തിന്റെ പിറവിയും, പിന്നിട്ട ചരിത്ര വഴികളും, ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയതില്‍ നവോത്ഥാന നായകര്‍ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

പ്രവാസികുട്ടികളില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മലയാളം മിഷനിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളും, അതില്‍ പ്രതിഭ പാഠശാലയുടെ പങ്കിനെക്കുറിച്ചും സി.വി.നാരായണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജയേഷ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ഭാഷാ പ്രതിജ്ഞ, പ്രസംഗം (കേരളം), പ്രതിഭ പാഠശാലയിലെ റിഫ മനാമ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച സംഘനൃത്തം, നാടകം, ഒപ്പന, നാടന്‍പ്പാട്ട്, സംഗീത ശില്‍പ്പം, സ്‌കിറ്റ്, ഫ്യൂഷന്‍ ഡാന്‍സ്, കവിതാ രംഗാവിഷ്‌കാരം, കേരള ഷോ, സംഘഗാനം എന്നിവ തിങ്ങി നിറഞ്ഞ സദസ്സിന് മികച്ച അനുഭവമായി. ദേശീയ ഗാനത്തോടെ കേരള പിറവി ദിന ആഘോഷ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.

Content Highlights: Prathibha Malayalam Patasala Keralappiravi day celebration