തെന്നല ബാലകൃഷ്ണപിള്ള ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച നേതാവ് -ഒഐസിസി

മനാമ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റ്, എംപി, എംഎല്‍എ എന്നീ നിലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച നേതാവെന്ന് എക്കാലവും അദ്ദേഹം സ്മരിക്കപ്പെടുമെന്നും ഒഐസിസി അനുസ്മരിച്ചു.
'തനിക്ക് ലഭിച്ച കുടുംബസ്വത്തിന്റെ ഭാഗം വിറ്റ് പൊതുപ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. സ്വത്തിന്റെ ബഹുഭൂരിഭാഗവും പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള. താന്‍ വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്ന് തിക്തഫലം ഉണ്ടായപ്പോളും പ്രസ്ഥാനത്തിന് തന്റെ ഭാഗത്തു നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ, എല്ലാം ഉള്ളില്‍ അടക്കി യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി, അണികള്‍ക്ക് ഉത്തമനേതാവായി പ്രവര്‍ത്തിച്ച മഹാനായ നേതാവായിരുന്നു തെന്നല.'
പുതിയ തലമുറയില്‍ സ്ഥാനമാനങ്ങളോ അധികാരമോ ലഭിക്കാതെ വരുമ്പോള്‍ പാര്‍ട്ടിയെ പുലഭ്യം പറഞ്ഞു, പ്രസ്ഥാനത്തില്‍ നിന്ന് പുറത്ത് പോയി അതുവരെ ലഭിച്ചതെല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് തെന്നല ബാലകൃഷ്ണപിള്ളയുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ പോയി. രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുന്ന പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തന മികവുകൊണ്ടും ലളിതമായ ജീവിതം കൊണ്ടും എല്ലാ ആളുകളുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റാന്‍ സാധിച്ച നേതാവായിരുന്നു തെന്നല എന്നും ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അനുസ്മരിച്ചു.
Content Highlights: OICC remembers Thennala Balakrishna Pillai