ന്യൂ ഹൊറൈസൺ സ്‌കൂൾ ബഹ്റൈൻ അധ്യാപക സമൂഹത്തെ ആദരിച്ചു

പരിപാടിയിൽനിന്ന്
പരിപാടിയിൽനിന്ന്

മനാമ: അധ്യാപകരുടെ സേവനങ്ങളെയും സമർപ്പണത്തെയും ആദരിക്കുന്നതിനായി ന്യൂ ഹൊറൈസൺ സ്‌കൂൾ പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി 'എഡ്യൂക്കേറ്റേഴ്‌സ് ഡേ 2026' (അധ്യാപക ദിനാഘോഷം) സംഘടിപ്പിച്ചു. സ്‌കൂൾ നേതൃത്വത്തിലെ അംഗങ്ങളായ ചെയർമാൻ ജോയ് മാത്യൂസ്, വന്ദന സതീഷ്, നിഷ രാജേഷ്, ഡോ. മോണിക്ക മാത്തൂർ, ജൂനിയർ പ്രിൻസിപ്പൽ നിർമല ഏഞ്ചലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ കലാപരിപാടികളും മത്സരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ആഘോഷം നടന്നത്. അധ്യാപകർക്കായുള്ള നൃത്ത മത്സരം ഇതിലെ പ്രധാന ആകർഷണമായിരുന്നു. കപ്പ് സ്റ്റാക്കിങ്, ബലൂൺ പൊട്ടിക്കൽ, ന്യൂസ്പേപ്പർ റൺവേ, ഹൂളഹൂപ്പ്, ഇമോജി ഡീകോഡർ തുടങ്ങിയ മത്സരങ്ങളിലും അധ്യാപകർ പങ്കെടുത്തു. വിദ്യാർഥികളും ആഘോഷത്തിന്റെ ഭാഗമായി. സ്റ്റുഡന്റ് കൗൺസിൽ അവതരിപ്പിച്ച നൃത്തവും പ്രത്യേക വീഡിയോ അവതരണവും ശ്രദ്ധേയമായി.

സ്റ്റുഡന്റ് കൗൺസിൽ ഓർക്കസ്ട്രയുടെ സംഗീത പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി. സ്‌കൂൾ സമൂഹത്തിൽ അധ്യാപകർ വഹിക്കുന്ന സുപ്രധാന പങ്ക് തിരിച്ചറിയുന്നതിനൊപ്പം, പതിവ് അക്കാദമിക് അന്തരീക്ഷത്തിന് പുറത്തുള്ള വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം കൂടിയായി ആഘോഷം മാറി.

നിവിത ജോയ്, ജെന്നിഫർ പെരേര എന്നിവർ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് ഡോ. കൗസല്യ ലക്ഷ്മിയുടെ നേതൃത്വത്തിൽ പി.ടി.എ. ടീം ഒന്നടങ്കം അവിസ്മരണീയമായ ആഘോഷം ഒരുക്കി.

Content Highlights: New Horizon School PTA Executive Committee celebrated 'Educators Day 2026' to honor teachers in Bahrain.