2034 ലോകകപ്പ്: നിയോം സ്റ്റേഡിയം നിർമാണം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൗദി അറേബ്യയിൽ 2034 ഫിഫ ലോകകപ്പിനായി നിർമിക്കാൻ പദ്ധതിയിട്ടിരുന്ന അത്യാധുനിക നിയോം സ്റ്റേഡിയത്തിന്റെ നിർമാണം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. 'ദ ലൈൻ' പദ്ധതിയുടെ ഭാഗമായി 350 മീറ്ററിലേറെ ഉയരത്തിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന 46,000 സീറ്റുകളുള്ള സ്റ്റേഡിയത്തിനാണ് നിലവിൽ ബ്രേക്ക് വീണിരിക്കുന്നത്. ഏകദേശം 2.5 ബില്യൺ ഡോളറാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, 'ദ ലൈൻ' പദ്ധതിയുടെ നിർമാണത്തിലെ കാലതാമസവും പദ്ധതിയുടെ വ്യാപ്തി കുറച്ചതുമാണ് നിയോം സ്റ്റേഡിയത്തിന്റെ നിർമാണം മാറ്റിവെക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പ്രൊജക്ട് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന മീഡ് പ്രൊജക്റ്റ് സ്റ്റേഡിയം പദ്ധതിയെ ഓൺ ഹോൾഡ് എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് പുതിയ പൂർത്തീകരണ തീയതിയും നിലവിൽ നിശ്ചയിച്ചിട്ടില്ല.
സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ പ്രധാന ഭാഗമായ നിയോമിലെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നായിരുന്നു ആകാശനിലയിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്റ്റേഡിയം. 2034 ലോകകപ്പിലെ മത്സരങ്ങൾക്ക് വേദിയാകുന്നതിന് പുറമെ, ഭാവിയിൽ നിയോം ഫുട്‌ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ടായും സ്റ്റേഡിയം ഉപയോഗിക്കാനായിരുന്നു പദ്ധതി.
അതേസമയം, 2034 ലോകകപ്പിനായി സൗദി അറേബ്യ മറ്റ് വേദികളുടെ നിർമാണവും നവീകരണവും തുടരുകയാണ്. അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളാണ് നിർമിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്. അൽ ഖോബാറിലെ അരാംകോ സ്റ്റേഡിയം ഉൾപ്പെടെയുള്ള ചില പദ്ധതികൾ പുരോഗമിക്കുന്നുണ്ട്.
Content Highlights: Construction of the futuristic 46,000-seat Neom Stadium for the 2034 FIFA World Cup has been put on hold indefinitely.