എം.ടി.യുടെ നിര്യാണത്തില്‍ അനുശോചിച്ച് ബഹ്‌റൈനിലെ പ്രവാസി സംഘടനകള്‍

മനാമ: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി
എം.സി.എം.എ. ബഹ്‌റൈന്‍
മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും ഓരോ മലയാളിക്കും തീരാനഷ്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചനപ്രമേയത്തില്‍ പറഞ്ഞു. എംസിഎംഎയുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷതവഹിച്ച ചടങ്ങില്‍ അവിനാഷ്, ശ്രീജിഷ് വടകര, ഷെഫില്‍ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി അനീഷ് ബാബു സ്വാഗതവും ട്രഷറര്‍ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.
ഫ്രന്‍ഡ്സ് സര്‍ഗവേദി
എഴുത്തിന്റെ മാസ്മരികതയിലൂടെ മലയാളഭാഷയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ അത്ഭുത പ്രതിഭാസമാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന് ഫ്രന്‍ഡ്സ് സര്‍ഗവേദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ തന്റെ എഴുത്തിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി താന്‍ ഇടപെട്ട മേഖലകളിലൊക്കെ വലിയ അത്ഭുതങ്ങള്‍ ആണ് അദ്ദേഹം സൃഷ്ടിച്ചത്. ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. എം.ടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ഫ്രന്‍ഡ്സ് സര്‍ഗവേദി അറിയിച്ചു.
കെഎംസിസി ബഹ്‌റൈന്‍
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കെഎംസിസി ബഹ്റൈന്‍ അനുശോചിച്ചു. എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ആയിരുന്നു. അദ്ധ്യാപകന്‍, പത്രാധിപന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച എം ടി ക്ക് പത്മഭൂഷണ്‍, ജ്ഞാനപീഠം എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒരുപാട് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ടി യുടെ നിര്യാണം മലയാള സാഹിത്യത്തിന്റെ തീരാ നഷ്ടമാണെന്ന് കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍
എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷക്കും എഴുത്തിനും തീരാ നഷ്ടമാണ് എം.ടി യുടെ വിയോഗം. ആരും പറയാന്‍ മടിച്ച കഥകളിലൂടെയും തിരക്കഥകളിലൂടെയും മലയാള സിനിമയെ ഉയര്‍ന്ന തലത്തിലേക്ക് നടത്തിച്ച മഹാപ്രതിഭയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുകയും, മലയാള സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ വരച്ചുകാട്ടുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ എക്കാലവും മലയാളികളുടെയും ലോകസാഹിത്യപ്രേമികളുടെയും മനസുകളില്‍ നിലനില്‍ക്കും. എം.ടി. യുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാ ണെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് കമ്മിറ്റി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.
കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍
മലയാളത്തിന്റെ കരുത്തുറ്റ സാഹിത്യകാരനും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനുമായ എം. ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സിനിമ സംവിധായകന്‍ എന്നുവേണ്ട താന്‍ കൈവെച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക മലയാള സാഹിത്യ രചയിതാവാണ് എന്ന് നിസംശയം പറയാനാകുമെന്നും അദേഹത്തിന്റെ നിര്യാണം കേരളാ സാഹിത്യത്തിന് തീരാ നഷ്ടം ആണ് എന്നും അസോസിയേഷന്‍ അനുശോചനകുറിപ്പില്‍ അറിയിച്ചു.
മുഹറഖ് മലയാളി സമാജം
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്‌കാരിക മേഖലകളിലും തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്, ഇതുപോലെ സമസ്ത മേഖലയിലും ഇടപെട്ട ഒരാള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല, അദ്ദേഹം കേരളത്തിന്റെ സുകൃതം ആയിരുന്നു എന്നും മരണത്തില്‍ അനുശോചനം രേഖപെടുത്തുന്നു എന്നും മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ഐ.വൈ.സി.സി ബഹ്റൈന്‍
പത്രാധിപര്‍ ആയിരുന്നപ്പോഴും എഴുത്തുകാരനായി നില്‍ക്കുമ്പോഴും മനുഷ്യന്റെ വേദനകള്‍ തിരിച്ചറിഞ്ഞ വ്യക്തിത്വം ആയിരുന്നു എം ടി വാസുദേവന്‍ നായറെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍. സിനിമയിലും, സാഹിത്യത്തിലും, ഗാന രചനയിലും, സംവിധാനത്തിലും, ബാല സാഹിത്യത്തിലും, തുടങ്ങി സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.
അദ്ദേഹത്തിന്റെ നിര്യാണം മലയാളി സമൂഹത്തിനു തീരാ നഷ്ടമാണ്. മൗനം ഏറ്റവും വലിയ ആയുധമാണെന്ന് മാലോകര്‍ക്ക് കാണിച്ചു തന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കാനും പ്രതികരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്‌സികുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: bahrain