കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര് ശ്രീനാഥ് ജി ക്ഷേത്രത്തില് ദര്ശനം നടത്തി

മനാമ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര് മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില് ദര്ശനം നടത്തി. മനാമ ഡയലോഗില് പങ്കെടുക്കാനായി ശനിയാഴ്ച രാത്രി ബഹ്റൈനിലെത്തിയ മന്ത്രിയെ ബഹ്റൈന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന് റാഷിദ് അല് സയാനിയാണ് സ്വീകരിച്ചത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീര്ഘകാല സൗഹൃദത്തിന്റെ യഥാര്ത്ഥ പ്രതീകമായി വിശേഷിപ്പിച്ചുകൊണ്ട് മന്ത്രി സന്ദര്ശനത്തെക്കുറിച്ച് സോഷ്യല് മീഡിയയില് സൂചിപ്പിച്ചു. 2019 ല് ക്ഷേത്ര സന്ദര്ശനവേളയില് എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള് എസ് ജയശങ്കര് വീക്ഷിച്ചു. 'മനാമയിലെ 200 വര്ഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദര്ശിച്ചുകൊണ്ടാണ് ഞായറാഴ്ച മന്ത്രി ബഹ്റൈന് സന്ദര്ശനത്തിനു തുടക്കമിട്ടത്. തുടര്ന്ന് അദ്ദേഹം ഐ.ഐ.എസ്.എസ്. മനാമ ഡയലോഗിന്റെ 20-ാം പതിപ്പിലും പങ്കെടുത്തു. 'പ്രാദേശിക അഭിവൃദ്ധിയും സുരക്ഷയും രൂപപ്പെടുത്തുന്നതില് മിഡില് ഈസ്റ്റ് നേതൃത്വം' എന്നതാണ് ഈ വര്ഷത്തെ മനാമ ഡയലോഗിന്റെ വിഷയം.
ഖത്തര് സന്ദര്ശനം പൂര്ത്തിയാക്കി ബഹ്റൈനിലെത്തിയ ജയശങ്കര് രാജ്യത്തെ ഉന്നത നേതാക്കളുമായും മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം പോജര്, എസ്റ്റോണിയയുടെ വിദേശകാര്യ മന്ത്രി മാര്ഗസ് സാക്ന, യൂറോപ്യന് യൂണിയന് കമാന്ഡര് റിയര് അഡ്മിറല് വാസിലിയോസ് ഗ്രിപ്പറിസ്, ബ്രിട്ടീഷ് ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേല് തുടങ്ങി നിരവധി നേതാക്കളുമായി മന്ത്രി ജയശങ്കര് കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച ബഹ്റൈന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന് റാഷിദ് അല് സയാനിയോടൊപ്പം നാലാമത്തെ ഇന്ത്യ-ബഹ്റൈന് ഹൈ ജോയിന്റ് കമ്മീഷന്റെ (എച്ച്ജെസി) സഹ അധ്യക്ഷത വഹിക്കും. ഈ മന്ത്രിതല യോഗം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന് വശങ്ങളും അവലോകനം ചെയ്യുകയും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതല് ശക്തിപ്പെടുത്തുന്നതിനുള്ള വഴികള് ചര്ച്ച ചെയ്യുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ വിവിധ മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകള്ക്കു ശേഷം ക്രൗണ് പ്ളാസ ഹോട്ടലില് ബഹ്റൈനിലെ ഇന്ത്യന് എംബസി സംഘടിപ്പിക്കുന്ന ചടങ്ങില് മന്ത്രി ബഹ്റൈനിലെ ഇന്ത്യന് സമൂഹവുമായി സംവദിക്കും.
സൗഹാര്ദപരമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, മേഖലകളില് സവിശേഷമായ മികച്ച ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയും ബഹ്റൈനും ആസ്വദിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള് അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പം പ്രതിഫലിപ്പിക്കുന്ന നിരവധി ഉന്നതതല ഇടപെടലുകള് ഇരു രാജ്യങ്ങളും നടത്തിയിട്ടുണ്ട്.
Content Highlights: Minister S Jaishankar visited Srinathji temple