'മെയ്ഡ് ഇൻ ജി.സി.സി' ഫോറം ആൻഡ് എക്‌സിബിഷൻ ബഹ്‌റൈൻ കിരീടാവകാശി ഉദ്ഘാടനം ചെയ്തു

#അശോക് കുമാര്‍
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, 'മെയ്ഡ് ഇന്‍ ജി.സി.സി. ഫോറം 2026' ഉദ്ഘാടനം ചെയ്യുന്നു
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, 'മെയ്ഡ് ഇന്‍ ജി.സി.സി. ഫോറം 2026' ഉദ്ഘാടനം ചെയ്യുന്നു

മനാമ: 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' 'മെയ്ഡ് ഇൻ ജി.സി.സി. ഫോറം ആൻഡ് എക്‌സിബിഷൻ 2026' ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ച്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാവസായിക പങ്കാളിത്തം വിപുലീകരിക്കുന്നതിലും വ്യാവസായിക മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിലും സമ്പദ്വ്യവസ്ഥകളിലേക്കുള്ള സംഭാവനകൾ ശക്തിപ്പെടുത്തുന്നതിലും വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ, ബഹുമുഖ സഹകരണത്തിന്റെ നിർണായക ഘടകമാണ് ജി.സി.സി. വ്യാവസായിക ഏകീകരണമെന്ന് പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുക, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക, നൂതന ഉൽപ്പാദന ശേഷി വികസിപ്പിക്കുക എന്നിവയുടെ പ്രാധാന്യം ഹിസ് റോയൽ ഹൈനസ് അടിവരയിട്ടു. ഇതിലൂടെ ജി.സി.സി. വ്യാവസായിക ഉത്പ്പന്നങ്ങളുടെ വികസനത്തിനും ആഗോളതലത്തിലുള്ള മത്സരക്ഷമത വർധിപ്പിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'മെയ്ഡ് ഇൻ ജി.സി.സി. ഫോറം ആൻഡ് എക്‌സിബിഷൻ 2026'-ന്റെ സംഘാടകർക്കും പങ്കാളികൾക്കും പ്രിൻസ് സൽമാൻ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവർക്ക് തുടർവിജയങ്ങൾ ആശംസിക്കുകയും ചെയ്തു.

സൗദി അറേബ്യയുടെ ഊർജ മന്ത്രിയും വ്യവസായ- ധാതുവിഭവ മന്ത്രിയുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയിലും പ്രിൻസ് സൽമാൻ പങ്കെടുത്തു. ജി.സി.സി. മേഖലയിലെ വ്യവസായ- ഊർജ മേഖലകളുടെ ഭാവി, മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ, സാമ്പത്തിക വളർച്ചയിലും മത്സരശേഷിയിലും അവ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് പാനൽ ചർച്ച ചെയ്തു. ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് രാജാവിന്റെ രക്ഷാകർതൃത്വം ലഭിച്ചതിലുള്ള നന്ദി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രോ രേഖപ്പെടുത്തി. ജി.സി.സി. രാജ്യങ്ങളിലെ വ്യവസായ- വാണിജ്യ മന്ത്രിമാർ, ജി.സി.സി. സെക്രട്ടറി ജനറൽ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ മേഖലയിലെ പ്രമുഖർ, നിക്ഷേപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Content Highlights: Crown Prince and Prime Minister Prince Salman bin Hamad Al Khalifa inaugurated the 'Made in GCC Forum & Exhibition 2026' in Bahrain.