ബഹ്റൈനിൽ കലയുടെ നിറച്ചാർത്തുമായി കെ.പി.എഫ് 'ബാംസുരി സീസൺ 3' നവംബർ 27-ന്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി സംഘടിപ്പിച്ചുവരുന്ന കലാമേളയായ 'ബാംസുരി'യുടെ മൂന്നാം പതിപ്പ് 'ബാംസുരി സീസൺ 3 2026' നവംബർ 27-ന് ബഹ്റൈനിൽ അരങ്ങേറും. വൈകിട്ട് നാല് മുതൽ ബഹ്റൈൻ മീഡിയ സിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. 'ബാംസുരി സീസൺ 3'ന്റെ ഔദ്യോഗിക പോസ്റ്റർ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പ്രകാശനം ചെയ്തു. കെ.പി.എഫ്. പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ, ബാംസുരി കൺവീനർ ഷാജി പുതുക്കുടി, ജോയിന്റ് കൺവീനർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റർ പ്രകാശനം.
പ്രവാസി സമൂഹത്തിലെ കലാപ്രതിഭകൾക്ക് മികച്ച വേദിയൊരുക്കുകയും കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.എഫ്. 'ബാംസുരി' സംഘടിപ്പിക്കുന്നത്. മൂന്നാം സീസണിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, തിരുവാതിര, ഒപ്പന, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാനും സംഘാടന പ്രവർത്തനങ്ങളുമായി സഹകരിക്കാനും താത്പര്യമുള്ളവർ കെ.പി.എഫ്. ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: KPF Bansuri Season 3 poster released in Bahrain, cultural fest on Nov 27