ബഹ്‌റൈനില്‍ നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍
കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍

മനാമ: സിനിമാ താരം മോഹന്‍ലാല്‍ ചെയര്‍മാന്‍ ആയുള്ള കൊച്ചി മെട്രോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നികോണ്‍ മിഡില്‍ ഈസ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ബഹ്‌റൈനില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇതില്‍ പങ്കെടുത്ത കുട്ടികള്‍ക്കായാണ് 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 31-ന് മുമ്പ് ഷൂട്ട് ചെയ്ത ഫിലിം സമര്‍പ്പിക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമറയും മറ്റുപകരണങ്ങളും സൗജന്യമായി നല്‍കും.

വിജയികള്‍ക്ക് ഇസഡ് 30 നികോണ്‍ ക്യാമറ ഒന്നാം സമ്മാനമായും 150 ബഹ്റൈന്‍ ദിനാര്‍ വില വരുന്ന നിക്കോണ്‍ ഉത്പന്നങ്ങളുടെ വൗച്ചര്‍ രണ്ടാം സമ്മാനമായും 150 ദിനാര്‍ വില വരുന്ന വൗച്ചര്‍ മൂന്നാം സമ്മാനമായും നല്‍കും. സമ്മാനങ്ങള്‍ മാര്‍ച്ച് ആദ്യം ബഹ്റൈനില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നല്‍കും. 

മുതിര്‍ന്നവര്‍ക്കായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള ഒന്നാം സമ്മാനം 1000 ദിനാര്‍ വില വരുന്ന നിക്കോണ്‍ ഉല്‍പ്പന്നങ്ങളുടെ വൗച്ചറും രണ്ടാം സമ്മാനമായി 700 ദിനാര്‍ വില വരുന്ന വൗച്ചറും മൂന്നാം സമ്മാനമായി 400 ദിനാര്‍ മൂല്യമുള്ള വൗച്ചറുകളും ഫിലിം ഫെസ്റ്റിവലില്‍ വെച്ച് സമ്മാനമായി നല്‍കുമെന്നും സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ നടന്‍ രവീന്ദ്രന്‍, നിക്കോണ്‍ മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ നരേന്ദ്രമേനോന്‍, മിഡില്‍ ഈസ്റ്റ് സെയില്‍സ് ഹെഡ് അക്ഷയ് തല്‍വര്‍, ബഹ്റൈന്‍ സെയില്‍സ് ഹെഡ് ജലീല്‍ എന്നിവര്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, തോമസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. 

Content Highlights: Kochi metro short film festival in Bahrain