ബഹ്റൈന്‍ കേരളീയ സമാജം 'കേരളോത്സവം 2025' ഫെബ്രുവരി 19 ന്

.
.

മനാമ: പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ കെട്ടിലും മട്ടിലും തിരികെയെത്തുന്ന 'കേരളോത്സവം 2025' മത്സരങ്ങള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഫെബ്രുവരി 19 ന് തുടക്കമാകും. ഒന്നര മാസത്തോളം നീളുന്ന കലാമാമാങ്കത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ നിരവധി പരിപാടികളാണ് സമാജം അങ്കണത്തില്‍ അരങ്ങേറുകയെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈന്‍ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000 ല്‍ രൂപീകരിക്കപ്പെട്ട പരിപാടിയാണ് കേരളോത്സവം. സമാജം അംഗങ്ങള്‍ക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ ഭാഗമായി നിരവധി വ്യക്തിഗത-ഗ്രൂപ്പ് ഇന മത്സരങ്ങളാണ് നടക്കുക. 1500 ല്‍ പരം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഹിന്ദോളം, അമൃതവര്‍ഷിണി, മേഘമല്‍ഹാര്‍, നീലാംബരി, ഹംസധ്വനി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടി നടത്തുന്നത്. 

ഈ മാസം 19 ന് ആരംഭിക്കുന്ന പരിപാടികള്‍ ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കും. ആദ്യ ഘട്ടത്തില്‍ സ്റ്റേജിതര മത്സരങ്ങളും തുടര്‍ന്ന് വ്യക്തിഗത മത്സരങ്ങളും ഒടുവില്‍ ഗ്രൂപ്പ് മത്സരങ്ങളും എന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരുക്കങ്ങളും പരിശീലനങ്ങളുമായി വൈകുന്നേരങ്ങളില്‍ സമാജം അങ്കണം സജീവമായി കഴിഞ്ഞു. നൃത്ത-സംഗീത-കലാ-സാഹിത്യ മത്സര ഇനങ്ങള്‍ക്ക് പുറമെ അംഗങ്ങളുടെ മറ്റു കഴിവുകളും പ്രകടിപ്പിക്കാനുള്ള ഒരു വേദിയായാണ് കേരളോത്സവം 2025 ചിട്ടപ്പെടുത്തിയിരിക്കുന്നത്. അംഗങ്ങളുടെ അഞ്ചു ഗ്രൂപ്പുകളും വ്യത്യസ്തമായി സമാജം അങ്കണത്തില്‍ 'ഡ്രീംസ്‌ക്കേപ്‌സ് - ഭാവനാത്മക ലോകത്തിലേക്കു ഒരു യാത്ര' എന്ന പ്രമേയത്തെ ആസ്പദമായി മത്സരിച്ചൊരുക്കുന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ജനുവരി 30 ന് പൂര്‍ത്തിയാകും. ജനുവരി 31 നു ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന മാസ്സ് പെയിന്റിംഗ് മത്സരത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളുടേതായി അഞ്ചു മീറ്റര്‍ ക്യാന്‍വാസ്സിലുള്ള അഞ്ചു ചിത്രകലാ സൃഷ്ടികള്‍ വിരിയും. ഇവ ഫെബ്രുവരി അവസാനം വരെ സമാജം അങ്കണത്തില്‍ പൊതുദര്‍ശനത്തിനായി പ്രദര്‍ശിപ്പിക്കുന്നതാണ്.

ആഷ്ലി കുര്യന്‍ ജനറല്‍ കണ്‍വീനറായും, വിപിന്‍ മോഹന്‍, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ എക്‌സ് ഒഫീഷ്യോയായും ഉള്ള സംഘാടക സമിതിയില്‍ അന്‍പതോളം അംഗങ്ങളാണുള്ളത്. പരിപാടികള്‍ വീക്ഷിക്കുവാനും ആസ്വദിക്കുവാനും ബഹ്റൈനിലെ മലയാളി സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നുവെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: keralolsavam