മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ബഹ്‌റൈനിലെത്തും, പ്രവാസി സംഗമത്തിൽ പങ്കെടുക്കും

മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം സംഘാടകർ അറിയിച്ചു. മലയാളം മിഷന്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ ഒക്ടോബർ 17 വെള്ളിയാഴ്ച 6:30 ന് ആതിഥേയരായ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം. എ യൂസഫ് അലി എന്നിവർ പങ്കെടുക്കും.

നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ മുഖ്യമന്ത്രി ബഹ്റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം ബഹ്‌റൈനിലെ അംഗീകൃത നോർക്ക കേന്ദ്രങ്ങളായ കേരളീയ സമാജത്തിലെയും, ബഹ്‌റൈൻ പ്രതിഭയുടെയും ഓഫീസുകളിൽ ഒക്ടോബർ 16 വരെ വൈകുന്നേരം 5 മണി മുതൽ സ്വീകരിക്കും എന്ന് സംഘാടക സമിതി ജനറൽ കൺവീനർ പി. ശ്രീജിത്തും അറിയിച്ചു.

മുഖ്യമന്ത്രിയുടെ സന്ദർശനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരളീയ സമാജത്തിൽ നേരത്തെ വിളിച്ചു ചേർത്ത ബഹറൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ അടങ്ങിയ യോഗത്തിൽ വെച്ചാണ്. 501 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവിൽ വന്നത്. മുഴുവൻ മലയാളികളുടെയും സാനിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീർക്കാൻ പരമാവധി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് പിണറായി വിജയൻ ബഹ്‌റൈൻ സന്ദർശിക്കുന്നത്. ഒക്‌ടോബർ 16 ന് രാവിലെ ബഹ്‌റൈനിലെത്തുന്ന മുഖ്യമന്ത്രി 17 ന് നടക്കുന്ന പ്രവാസി സംഗമത്തിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും, 18 ന് രാവിലെ തിരിച്ചുപോകുമെന്നും സംഘാടകർ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ പി വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Kerala CM Pinarayi Vijayan to address Malayali expatriates in Bahrain on Oct 17. Discussing Pravasi welfare schemes. All are invited!