ജോൺ ഐപ്പിന് 'മന്ന' യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ, മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ 'മന്ന' യുടെ അഡൈ്വസറി ബോർഡ് അംഗമായി കഴിഞ്ഞ പത്തൊൻപത് വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ജോൺ ഐപ്പിന് യാത്രയയപ്പ് നൽകി. 'മന്ന' പ്രസിഡണ്ട് അലക്സ് ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഷിബു സി. ജോർജ്ജ് സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോർഡ് മെംബേഴ്സ് ആയ സോമൻ ബേബി, വി. ഒ. മാത്യൂ, വൈസ് പ്രസിഡണ്ട് എബി കുരുവിള, കമ്മറ്റി അംഗങ്ങളായ ജിനു വർഗ്ഗീസ്, ജേക്കബ് ജോർജ്ജ്, റെജി അലക്സ്, ഡിജു ജോൺ മാവേലിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.
ഐ. സി. ആർ. എഫ്. മുൻ ചെയർമാൻ, ബഹ്റൈൻ കേരളാ സമാജം മുൻ പ്രസിഡണ്ട്, തുടങ്ങി ഈ പവിഴ ദ്വീപിലെ പല ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും 'ഭാരത് ഗൗരവ് അവാർഡ് '2014, 'പ്രവാസി പ്രതിഭാ അവാർഡ്' 2008 തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിക്കുകയും ചെയ്ത ജോൺ ഐപ്പിന് മന്നയുടെ ഉപഹാരം നൽകുകയും മറുപടി പ്രസംഗത്തിൽ തന്റെ സേവന കാലയളവിൽ കൂട്ടായ്മയുടെ നല്ല പ്രവർത്തനങ്ങൾ, ഏവരും ഒത്തൊരുമയോട് കൂടി പ്രവർത്തിച്ചതിന്റെ ഫലമാണന്നും അദ്ദേഹം പറഞ്ഞു. മന്ന ട്രഷറാർ മോൻസി ഗീവർഗ്ഗീസ് നന്ദി അർപ്പിച്ചു.