ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് തുടക്കം

മത്സരങ്ങളിൽനിന്ന്
മത്സരങ്ങളിൽനിന്ന്

മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക യുവജനോത്സവമായ 'തരംഗ് 2026' സ്റ്റേജ് മത്സരങ്ങൾക്ക് സ്‌കൂളിന്റെ ഈസ ടൗൺ കാമ്പസിൽ ആവേശകരമായ തുടക്കമായി. സർഗാത്മകതയുടെയും സംസ്‌കാരത്തിന്റെയും ആരോഗ്യകരമായ മത്സരത്തിന്റെയും ആഘോഷമായ മേള സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും (അക്കാദമിക്‌സ്) അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ്- ഐ.ടി. വിഭാഗം അംഗം ബോണി ജോസഫ്, പ്രൊജക്ട്‌സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. നേഹ സാറ ഡിജു, തൻസിയ എൽസ സോൻസി എന്നിവർ അവതാരകരായിരുന്നു. നാടോടി നൃത്തം, സംഘഗാനം, പ്രസംഗം, മൈം തുടങ്ങിയ മത്സരങ്ങൾ ആദ്യ ദിനത്തിൽ നടന്നു.

120 സ്റ്റേജ് ഇനങ്ങളിലായി 4,000-ത്തിലധികം വിദ്യാർഥികളും, സ്റ്റേജ് ഇതര മത്സരങ്ങളിലായി 7,000 വിദ്യാർഥികളും പങ്കെടുക്കുന്ന 'തരംഗ്', ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്‌കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും പങ്കാളിത്തത്തിന്റെ സന്തോഷം ആഘോഷിക്കാനും മേള അവസരമൊരുക്കുന്നു. സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 10, 11, 12, 13 തീയതികളിൽ തുടരും. സമാപന ചടങ്ങ് പിന്നീട് നടക്കും. മികച്ച വ്യക്തിഗത- ടീം പ്രകടനങ്ങളെ ആദരിച്ചുകൊണ്ട്, 'കലാശ്രീ', 'കലാരത്‌ന' പുരസ്‌കാരങ്ങളും 'ഹൗസ് സ്റ്റാർ', 'ഗ്രൂപ്പ് ചാമ്പ്യൻ', 'ഹൗസ് ചാമ്പ്യൻ' പുരസ്‌കാരങ്ങളും സമാപന ചടങ്ങിൽ സമ്മാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന സ്റ്റേജിതര മത്സരങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക റൗണ്ടുകളിലും വിദ്യാർഥികൾ പങ്കെടുത്തതോടെ തന്നെ മേളയുടെ ആവേശം ആരംഭിച്ചിരുന്നു. ഉപന്യാസ രചന മത്സരത്തിൽ ഇസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർഥികളും പങ്കെടുത്തു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നീ 'ഹൗസുകളെ' പ്രതിനിധീകരിക്കുന്ന വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരാവേശം വളർത്താൻ സ്‌കൂളിന്റെ 'ഹൗസ് സിസ്റ്റം' സഹായിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർഥികൾക്ക് 'കലാശ്രീ', 'കലാരത്‌ന' പുരസ്‌കാരങ്ങൾ ലഭിക്കും. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി, ഫലങ്ങൾ വേഗത്തിൽ പ്രഖ്യാപിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്വെയർ സ്‌കൂൾ വികസിപ്പിച്ചിട്ടുണ്ട്. വിജയികളാകുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത് ആയിരത്തോളം ട്രോഫികളാണ്.

വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആരോഗ്യകരമായ മത്സരം ഏറ്റെടുക്കാനും സർഗാത്മകമായ കഴിവുകൾ പര്യവേഷണം ചെയ്യാനും 'തരംഗ്' മികച്ച വേദി ഒരുക്കുന്നുവെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ആത്മവിശ്വാസം വളർത്തുന്നതിലും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ക്ലാസ് മുറികൾക്ക്പ്പുറം മികവ് പുലർത്താൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിലും കലോത്സവം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പൊതുസാംസ്‌കാരിക വേദിയിൽ ഒന്നിപ്പിച്ചു സൗഹാർദ്ദവും പരസ്പര ബഹുമാനവും വളർത്താൻ 'തരംഗ്' സഹായിക്കുന്നുവെന്ന് സ്‌കൂൾ സെക്രട്ടറി വി. രാജപാാണ്ഡ്യൻ പറഞ്ഞു. മത്സരങ്ങളിൽ വിദ്യാർഥികൾ കാണിച്ച ആവേശകരമായ പങ്കാളിത്തത്തെ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി അഭിനന്ദിച്ചു.

Content Highlights: Indian School Bahrain Tarang 2026 youth festival stage events began at Isa Town campus