രാജ്യ പുരസ്കാർ നേടിയ 19 വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അനുമോദിച്ചു

മനാമ: അഭിമാനകരമായ രാജ്യ പുരസ്കാർ നേടിയ 19 വിദ്യാർഥികളെയും അവരുടെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരെയും ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. ആറ് സ്കൗട്ടുകളും 13 ഗൈഡുകളും ഉൾപ്പെടുന്ന അവാർഡ് ജേതാക്കൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൽ ഈ വിശിഷ്ട അംഗീകാരം നേടിയ ബഹ്റൈനിൽ നിന്നുള്ള ആദ്യ ബാച്ചാണ്. ഈ നേട്ടം ഇന്ത്യൻ സ്കൂളിനും രാജ്യത്തെ സ്കൗട്ടിംഗ് സമൂഹത്തിനും ചരിത്രപരമായ അംഗീകാരമായി.
സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി വിദ്യാർഥികൾക്ക് പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു. അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജതിൻ ജാംഗീർ, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാൻ അബ്ദുൾ ഷുക്കൂർ, ബെർഹാനു ഇബൻലാൽ, മൗറീസ് വർഗീസ് മോൻസി എന്നിവർക്കാണ് രാജ്യ പുരസ്കാർ സ്കൗട്ട് അവാർഡ് ലഭിച്ചത്.
ആൻ പോൾ, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസൻ ഡിജു, നീലാംബരി നൈജു, സെയ്റ പോൾ കൈതാരത്ത്, വർഷിണി പ്രഭാകരൻ, ശ്രേയ പ്രശാന്ത് കാർക്കല, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവേറ്റ ആന്റണി, ഹിരണ്മയി അയ്യപ്പൻ നായർ, നിഹാര ലിതീഷ് പണിക്കർ എന്നിവരാണ് രാജ്യ പുരസ്കാർ ഗൈഡ് അവാർഡിന് അർഹരായത്.
സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ആർ ചിന്നസാമി, വനിതാ കുമാരി, ചിത്ര സതീഷ്, ആശാ ലത, ഉഷാ സുരേഷ്, ശുഭ അജി, അനീഷ സംഗീത്, അരുൾ രാമലിംഗം, ഗിരിജ എം.കെ., ജയശ്രീ ചെങ്ങോത്ത്, വിജയൻ നായർ എന്നിവരെയും ആദരിച്ചു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സംസ്ഥാനതല അംഗീകാരങ്ങളിലൊന്നാണ് രാജ്യ പുരസ്കാർ. രാഷ്ട്രപതി അവാർഡിലേക്കുള്ള പ്രധാന ചുവടുവെപ്പുകൂടിയാണിത്. സ്കൗട്ടിംഗ് കഴിവുകൾ, അച്ചടക്കം, നേതൃത്വം, സ്വാശ്രയത്വം, സമൂഹസേവനം എന്നിവയിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെയാണ് ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കുന്നത്.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ അവാർഡ് ജേതാക്കളെയും അവരുടെ അധ്യാപകരെയും അഭിനന്ദിച്ചു.
Content Highlights: Indian School Bahrain recognised 19 students who earned the Rajya Puraskar award, marking a first for Bahrain’s Bharat Scouts and Guides community.