പുതിയ ബജറ്റ് കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടുമുള്ള കടുത്ത അവഗണന- പ്രവാസി വെൽഫയർ

മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തിപോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ് വ്യക്തമാക്കുന്നതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആരോപിച്ചു. കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂ.

പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെ രാജ്യത്തേക്ക് എത്തുന്ന വിദേശനാണ്യത്തിന് അർഹമായ അംഗീകാരവും പരിഗണനയും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കേരളത്തെയും രാജ്യത്തെ പ്രവാസി സമൂഹത്തെയും അവഗണിക്കുന്ന ഇത്തരം സമീപനങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ മുഴുവൻ ജനതയെയും ഒന്നായി കണ്ടുകൊണ്ടുള്ള ക്ഷേമ വികസന പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിക്കണം എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Content Highlights: Kerala & Indian Diaspora Feel Ignored in New Budget: Pravasi Welfare Alleges Neglect