ഐസിപിഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: പെനിയേല്‍ സ്‌ട്രൈക്കേഴ്‌സ് കിരീടം ചൂടി

മനാമ: ഇന്റര്‍ കൊളിജിയറ്റ് പ്രയര്‍ ഫെലോഷിപ് (ഐ.സി.പി.എഫ്.) ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്ത്വത്തില്‍ 'നോക്ക്ഔട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ്' സിഞ്ച് അല്‍ അഹ്ലാലി സ്റ്റേഡിയത്തില്‍ നടത്തി. ഉദ്ഘാടന ചടങ്ങില്‍ ഐ.സി.പി.എഫ്. ബഹ്റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി ആഷിക് മുരളി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നോയല്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാസ്റ്റര്‍മാരായ പി.എം. ജോയ്, ബാബു എബ്രഹാം, ടൈറ്റസ് ജോണ്‍സന്‍, വലേറിയന്‍, പ്രയ്സ് തോമസ്, ജോബി തോമസ്, ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവര്‍ സന്നിഹിതരായിരുന്നു.
പതിനാറു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നാല് ഘട്ടങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ പെനിയേല്‍ സ്‌ട്രൈക്കേഴ്‌സ് വിജയികളാകുകയും ചെയ്തു. സി.ഒ.ജി. റൈസിംഗ് സ്റ്റാര്‍സുമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെനിയേല്‍ സ്‌ട്രൈക്കേഴ്‌സ് അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സി.ഒ.ജി. റൈസിംഗ് സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എഴുപത്തി മൂന്ന് റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
വിജയികളായ ടീമിനുള്ള ട്രോഫി നോയല്‍ ജേക്കബും, റണ്ണേഴ്സ് അപ്പായ ടീമിന് ഐ.സി.പി.എഫ്. ട്രഷറര്‍ ജസ്റ്റിന്‍ മാത്യുവും നല്‍കി അനുമോദിച്ചു. ടൂര്‍ണമെന്റില്‍ ബെസ്റ്റ് ബാറ്ററായി അഖില്‍ വര്‍ഗ്ഗീസിനേയും ബെസ്റ്റ് ബൗളര്‍ ആയി സൂരജ് വര്‍ഗ്ഗീസിനേയും തിരഞ്ഞടുക്കുകയും, അവര്‍ക്കുള്ള ട്രോഫി ടൂര്‍ണമെന്റ് കണ്‍വീനര്‍ അനീഷ് തോമസും, കമ്മിറ്റി അംഗം റിജോയ് ഫിലിപ്പും നല്‍കി. ടൂര്‍ണമെന്റ് അവാര്‍ഡ് ദാന ചടങ്ങില്‍ ആഷിക് മുരളി, എബിന്‍ ജെയിംസ്, ജിന്‍സി മാത്യു, നിതിന്‍ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 600-ല്‍ അധികം ആളുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ആവേശോജ്വലമായി പര്യവസാനിച്ചു.
Content Highlights: icpf cricket tournament