ഐ.സി.എഫ് ബഹ്‌റൈന്‍ 45-ാം വാര്‍ഷികം സെപ്റ്റംബര്‍ 22-ന്; കാന്തപുരം മുഖ്യാതിഥി

മനാമ: ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഐ.സി.എഫ് 45-ാ വാര്‍ഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. ആറു മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സും സെപ്റ്റംബര്‍ 22 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'തിരുനബി (സ): ജീവിതം ദര്‍ശനം' എന്ന പേരില്‍ നടക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സും വാര്‍ഷിക ഉദ്ഘാടനവും ഞായറാഴ്ച സല്‍മാബാദ് ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബ് (ഗള്‍ഫ് എയര്‍ ക്ലബ്ബ്) ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് ആരംഭിക്കും. സമ്മേളത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ദേശീയ- അന്തര്‍ദേശീയ നേതാക്കള്‍ സംബന്ധിക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വ്വം' ബഹ്റൈന്‍ പതിപ്പ് സമ്മേളനത്തില്‍ പ്രകാശിതമാകും. സമ്മേളനം ശ്രവിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യമുണ്ടാവും. വിവിധ ഏരിയകളില്‍നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസഘടകമാണ് ഐ.സിഎഫ്. 'ഐ.സി.എഫ്. പ്രവാസത്തിന്റെ അഭയം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു വിദ്യാഭ്യാസം- ആത്മീയം- ജീവകാരുണ്യം- സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ.സി.എഫ്. പ്രവര്‍ത്തിക്കുന്നത്. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട പതിമൂന്ന് മദ്‌റസകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള മതവിദ്യാഭ്യാസം നല്‍കിപ്പോരുന്നു.
ഹാദിയ വിമന്‍സ് അക്കാദമിക്ക് കീഴില്‍ വ്യക്തിത്വ നൈപുണ്യ വികസന മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ഐ.സി.എഫ്. സേവന വിഭാഗമായ സഫ്‌വ വളണ്ടിയര്‍ വിങ് സന്നദ്ധ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ എട്ട് സെന്‍ട്രല്‍ ഘടകങ്ങളും 41 യൂണിറ്റ് കമ്മിറ്റികളും മൂവ്വായിരത്തിലധികം മെമ്പര്‍മാരും അത്ര തന്നെ അനുഭാവികളും സംഘടനയ്ക്ക് ഉണ്ട്. പ്രവാസി സുരക്ഷാ നിധി, ദാറുല്‍ ഖൈര്‍ ഭവന പദ്ധതി, സാന്ത്വന കേന്ദ്രം, പ്രവാസി വായന, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ തുടങ്ങി പ്രവാസ ലോകത്തും നാട്ടിലുമായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തന പദ്ധതികള്‍ ഐ.സി.എഫ്. നേതൃത്വത്തില്‍ വിപുലമായി നടന്നു വരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.എഫ്. നാഷണല്‍ നേതാക്കളായ കെ.സി. സൈനുദ്ധീന്‍ സഖാഫി, അഡ്വ. എം.സി. അബ്ദുള്‍ കരീം, അബ്ദുള്‍ ഹകീം സഖാഫി കിനാലൂര്‍, മുസ്ഥഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, നൗഷാദ് ഹാജി കണ്ണൂര്‍, ഷമീര്‍ പന്നൂര്‍, ശിഹാബുദ്ധീന്‍ സിദ്ദീഖി, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: ICF Bahrain 45th Anniversary