ഐ.സി.എഫ്. ഓക്‌സിജന്‍ പ്ലാന്റ് നാടിന് സമര്‍പ്പിച്ചു

മനാമ: വയനാട് മെഡിക്കല്‍ കോളേജില്‍ ഐ.സി.എഫ്. നിര്‍മിച്ചു നല്‍കിയ ഓക്‌സിജന്‍ പ്ലാന്റ് റവന്യൂ മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു. ആരോഗ്യമേഖലയില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന ജില്ലയാണ് വയനാട്. പ്രകൃതി ദുരന്തങ്ങളും ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതത്തെയടക്കം ബാധിക്കുന്നതാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കേരള മുസ്ലീം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) വയനാട് മെഡിക്കല്‍ കോളേജില്‍ 1200 എല്‍.പി.എം. കപ്പാസിറ്റിയുള്ള ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ചത്. ഒരേസമയം ഇരുനൂറോളം രോഗികള്‍ക്ക് ജീവവായു നല്‍കാന്‍ ഈ പ്ലാന്റിലൂടെ സാധിക്കും.
കോവിഡ് വ്യാപന കാലയളവില്‍ മുഖ്യമന്ത്രി നോര്‍ക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് രണ്ട് ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മാണപദ്ധതി ഐ.സി.എഫ് ഏറ്റെടുത്തത്. ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തി എട്ടായിരത്തി അറുനൂറ്റി മുപ്പത്തൊമ്പത് (1,02,38,639) രൂപ ചെലവാക്കിയാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
കേരളത്തിലെ ആതുരസേവനമേഖലയില്‍ സന്നദ്ധ സംഘടനകള്‍ വലിയ ഉത്തരവാദിത്വങ്ങളാണ് നിര്‍വഹിക്കുന്നതെന്നും ഈ രംഗത്ത് കേരള മുസ്ലീം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും പ്ലാന്റ് ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ചടങ്ങില്‍ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന-ജില്ലാ നേതാക്കള്‍, ഐസിഎഫ് സാരഥികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Content Highlights: icf