ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രിയുടെ ആദരം ഏറ്റുവാങ്ങി ഹർഷ ശ്രീഹരി

മനാമ: ബഹ്റൈൻ മാനേജ്മെന്റ് സൊസൈറ്റി, അഹ്ലിയ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച പത്താമത് അന്താരാഷ്ട്ര നേതൃത്വ സമ്മേളനത്തിൽ പ്രഭാഷകയായി പങ്കെടുത്ത് കണ്ണൂർ സ്വദേശിനിയായ സംരംഭകയും എഞ്ചിനീയറുമായ ഹർഷ ശ്രീഹരി. മനാമ വിന്ദാം ഗ്രാൻഡ് ഹോട്ടലിലായിരുന്നു സമ്മേളനം. ബഹ്റൈനിൽനിന്നും മറ്റ് ഗൾഫ്, അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രഭാഷകർ വിഷയങ്ങൾ അവതരിപ്പിച്ചു.

'നേതൃത്വത്തിലും മാനേജ്മെന്റിലുമുള്ള നവീകരണം സുസ്ഥിര വികസനത്തിന്' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. ബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യു.എ.ഇയിൽ നിന്നുള്ള ശൈഖ നദ ബിൻത് അബ്ദുൽ അസീസ് അൽ മുഅല്ല ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. അക്കാദമിക് വിദഗ്ധരും വിവിധ സ്ഥാപന മേധാവികളും സമ്മേളനത്തിന്റെ ഭാഗമായി. നൂതന നേതൃത്വം, ഡിജിറ്റൽ മാനേജ്മെന്റ്, യുവനേതൃത്വം, ഭരണനിർവഹണം, നിർമിതബുദ്ധി എന്നീ വിഷയങ്ങളിലായിരുന്നു രണ്ടു ദിവസത്തെ ചർച്ചകൾ.

ആദ്യ ദിനത്തിലെ 'ഡിജിറ്റൽ അഡ്മിനിസ്‌ട്രേഷനും നൂതന ഭരണ പദ്ധതികളും' എന്ന സെഷനിലാണ് ഹർഷ സംസാരിച്ചത്. 'ഡിജിറ്റൽ മാനേജ്മെന്റും സുസ്ഥിരതയും' ആയിരുന്നു പ്രഭാഷണ വിഷയം. നിർമിതബുദ്ധി, ക്ലൗഡ്, ഓട്ടോമേഷൻ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചാണ് അവർ വിശദീകരിച്ചത്. ഇവ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടുകയും ചെലവും വിഭവ ഉപയോഗവും കുറയ്ക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ വാങ്ങുന്നതുകൊണ്ട് മാത്രം ഡിജിറ്റൽ പരിവർത്തനം പൂർത്തിയാകില്ലെന്നും ഹർഷ ചൂണ്ടിക്കാട്ടി.

സാമൂഹിക വികസന മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവിയിൽനിന്ന് ഹർഷ ശ്രീഹരി ഉപഹാരം ഏറ്റുവാങ്ങി. ഒമ്പത് വർഷമായി ഹർഷ ബഹ്റൈനിൽ എ.ഐ, ഐ.ടി സൊല്യൂഷൻസ് സ്ഥാപനമായ വെബ്മി ഡബ്ല്യു.എൽ. എൽ നടത്തുന്നു. സ്ഥാപനത്തിന്റെ സ്ഥാപകയും സി.ഇ.ഒയുമാണ്. രാജ്യാന്തര പ്രഭാഷകർക്കൊപ്പം വേദി പങ്കിടാനും മന്ത്രിയിൽനിന്ന് ആദരം ഏറ്റുവാങ്ങാനും കഴിഞ്ഞത് വലിയ അഭിമാനമാണെന്ന് ഹർഷ പറഞ്ഞു.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: - The 10th International Leadership Conference in Bahrain, organized by the Bahrain Management Society and Ahlia University, featured Kannur native and entrepreneur Harsha Sreehari as a speaker, focusing on innovation in leadership and management for sustainable development. The conference, attended by notable figures including Bahrain's Social Development Minister and UAE dignitaries, covered topics like digital management, youth leadership, and artificial intelligence over two days. Harsha Sreehari, who runs an AI and IT solutions company in Bahrain, spoke on digital administration and sustainability, emphasizing that digital transformation requires more than just acquiring technology.