ഗള്‍ഫ് എയര്‍ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള സര്‍വീസ് റദ്ദാക്കല്‍ 27 വരെ നീട്ടി

.
.

മനാമ: ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ചില വിമാനങ്ങളുടെ റദ്ദാക്കല്‍ ജൂണ്‍ 27 വരെ നീട്ടിയതായി പ്രഖ്യാപിച്ചു. ജോര്‍ദാന്‍ ഹാഷെമൈറ്റിലെ അമ്മാന്‍, ഇറാഖ് റിപ്പബ്ലിക്കിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്ക് പുറപ്പെടുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കലാണ് നീട്ടിയത്. കഴിഞ്ഞ ദിവസം ജൂണ്‍ 14 മുതല്‍ 16 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളെ തുടർന്നാണ് ഈ തീരുമാനം.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ഈ വിമാന റദ്ദാക്കലുകള്‍ ബാധിച്ച യാത്രക്കാരെ താമസിപ്പിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും സഹായിക്കുന്നതിന് പങ്കാളികളുമായി സഹകരിക്കും. ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തോ ഗള്‍ഫ് എയറിന്റെ gulfair.com വെബ്സൈറ്റ് സന്ദര്‍ശിച്ചോ യാത്രക്കാര്‍ക്ക് വിമാന സമയത്തെക്കുറിച്ച് അപ്ഡേറ്റ് അറിയാനാകും. 

Content Highlights: Gulf Air extends flight cancellations to Amman, Baghdad, and Najaf until June 27th