ഗുരുദേവ സോഷ്യൽ സൊസൈറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വിശാലാനന്ദ സ്വാമികൾ നിർവഹിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്) 'ഗുരുകാരുണ്യ സ്പർശം' പദ്ധതിയിലൂടെ സൊസൈറ്റി കുടുംബാംഗമായ ഷിബുവിനും, വിജിക്കും പത്തനംതിട്ട ജില്ലയിൽ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം വർണ്ണാഭമായ ചടങ്ങുകളോടുകൂടി നിർവഹിച്ചു. സമൂഹനന്മയുടെയും കാരുണ്യത്തിന്റെയും മനോഹരമായ മാതൃകയായി, സൊസൈറ്റി 'ഗുരുകാരുണ്യ സ്പർശം' എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ നിർമ്മിച്ചപുതിയ ഭവനം, ജിഎസ്എസ് കുടുംബാംഗം എന്നതിലുപരി ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തിനാണ് വീട് കൈമാറിയത്. ഈ ഭവന നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങി നൽകാൻ രണ്ട് ജിഎസ്എസ്. കുടുംബാംഗങ്ങൾ സഹായിക്കുകയും, തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറി സൗകര്യങ്ങളോടുകൂടിയ മനോഹരമായ വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും ബഹ്റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ ഓൺലൈനിലൂടെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ആത്മീയ ആചാര്യന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ, ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം വിശാലാനന്ദ സ്വാമികൾ പുതിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ചടങ്ങിൽ ശിവനാരായണ തീർത്ഥ സ്വാമികളും വീരേശ്വരാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി.
ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുളിൽ ചടങ്ങിൽ വ്യക്തമാക്കി. ജിഎസ്എസ്സിന്റെ നിരവധി സഹൃദയരായ അംഗങ്ങളുടെയും മറ്റ് സുഹൃത്തുക്കളുടെയും ഉദാരമായ പിന്തുണയാണ് ഈ സ്വപ്നസാക്ഷാത്കാരത്തിന് കാരണമായതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ഭംഗിയുള്ള ഈ വീട് കൃത്യസമയത്ത് പൂർത്തിയാക്കി നൽകിയ കരാറുകാരൻ രതീഷ് നായരെ ജിഎസ്എസ് ചെയർമാൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജനങ്ങളെ ചേർത്തു നിർത്തുവാൻ
ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജിഎസ്എസ് തുടർന്നും നടപ്പാക്കുമെന്ന്, ചടങ്ങിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ അറിയിച്ചു.
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദേവദത്തൻ എ.ഡി. ചടങ്ങിന് നന്ദി പറഞ്ഞു. ജിഎസ്എസ് കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.
Content Highlights: Completion of a 3-bedroom house under the Gurukarunya Sparsham project., Project cost of 16 Lakh rupees funded by GSS members., House handover ceremony led by Vishalananda Swamigal., Commitment to ongoing social welfare and humanitarian support for the underprivileged.