കുവൈത്തിനും ബഹ്‌റൈനിനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ജിസിസി

മനാമ: ബഹ്റൈനിനും കുവൈത്തിനുമെതിരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെശക്തമായി അപലപിച്ച് ജിസിസി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും ജി.സി.സി. രാജ്യങ്ങളും അവിടുത്തെ ഭരണകർത്താക്കളും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകര ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശക്തമായി അപലപിച്ചു. ഈ ഭീകരാക്രമണങ്ങൾ ബഹ്റൈന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവും, അന്താരാഷ്ട്ര നിയമലംഘനവും, സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഖത്തറും ശക്തമായി അപലപിച്ചു, ഇതിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, നിരവധി സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങളും പരിക്കുകളും സംഭവിച്ചു. ബഹ്റൈനും കുവൈത്തുമായും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ പരമാധികാരവും സുരക്ഷയും നിലനിർത്താൻ അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുകയും ചെയ്യുന്നുവെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന ആക്രമണങ്ങളെ രാജ്യം നിരാകരിക്കുന്നുവെന്നും അത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ അപലപിച്ചു. അവ രണ്ട് രാജ്യങ്ങളുടെയും പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം ലഘൂകരിക്കാനും മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഒഴിവാക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആക്രമണങ്ങളെ ജോർദാനും അപലപിച്ചു.