ശ്രേഷ്ഠ ബാവ പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച പുണ്യ ഇടയന്‍: ബിനു കുന്നന്താനം

ബസേലിയോസ് തോമസ് പ്രഥമന്‍ | Photo: Mathrubhumi
ബസേലിയോസ് തോമസ് പ്രഥമന്‍ | Photo: Mathrubhumi

മനാമ : പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച ആത്മീയ നേതാവ് ആയിരുന്നു ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ എന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗവും മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക നേതാവ് എന്നതിലുപരി, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ എല്ലാം കൃത്യമായി പൂര്‍ത്തിയാക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച നേതാവ് എന്നായിരിക്കും അദ്ദേഹത്തെ അടുത്ത തലമുറ വിശേഷിപ്പിക്കുന്നത്. കോളേജില്‍ നിന്നോ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ലഭിക്കുന്ന അറിവുകള്‍ അല്ല ഒരു മനുഷ്യനെ നേതാവാക്കുന്നത്, ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്താണ് ഒരു മനുഷ്യനെ മഹാന്‍ ആക്കുന്നതെന്ന് ശ്രേഷ്ഠ ബാവയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നേതാവ് എങ്ങനെ ആയിരിക്കണം തന്റെ പിന്‍ഗാമികളെ നയിക്കേണ്ടതെന്ന് പഠിപ്പിച്ച നേതാവ് ആയിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ എന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ മലങ്കരയിലെ താപശ്രേഷ്ഠന്‍: രാജു കല്ലുംപുറം.

കേരളത്തിലെ ക്രൈസ്തവ സഭ നേതാക്കളില്‍ താപസശ്രേഷ്ഠന്‍ ആയിരുന്നു കാലം ചെയ്ത ബസ്സെലിയോസ് തോമസ് പ്രഥമന്‍ ബാവ എന്ന് ഒഐസിസി മിഡില്‍ ഈസ്റ്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം അനുസ്മരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗം കേരള സമൂഹത്തിന് തീരാ നഷ്ടമാണ്. വളരെ ചെറിയ പ്രായത്തില്‍തന്നെ സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് വൈദീക വേലയിലേക്ക് തിരിഞ്ഞ ബാവ തന്റെ ജീവിതത്തില്‍ ഉടനീളം പ്രതിസന്ധികളോട് പോരാടിയാണ് മുന്നോട്ട് പോയതെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.

Content Highlights: Catholicos Mor Baselios Thomas remembrance